പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ പ്രതി പിടിയില്‍; കുടക് സ്വദേശിയായ പ്രതിയെ കുടുക്കാൻ പോലീസ് നടത്തിയത് തന്ത്രപ്രധാന നീക്കം, നിർണായകം ആയത് ഫോൺകോൾ

You are currently viewing പത്ത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ പ്രതി പിടിയില്‍; കുടക് സ്വദേശിയായ പ്രതിയെ കുടുക്കാൻ പോലീസ്  നടത്തിയത് തന്ത്രപ്രധാന നീക്കം, നിർണായകം ആയത് ഫോൺകോൾ

കാഞ്ഞങ്ങാട് / കാസർകോട്: പത്ത് വയസുകാരിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. ആന്ധ്രപ്രദേശിൽ നിന്നാണ് പ്രതിയെ ഹൊസ്ദുർഗ് പൊലീസ് തന്ത്രപ്രധാന നീക്കത്തിലൂടെയാണ് കസ്റ്റഡിയിൽ എടുത്തത്. സ്വന്തം ഫോൺ ഉപയോ​ഗിക്കാതെ മറ്റൊരു ഫോണിൽ നിന്ന് പ്രതി വീട്ടിലെക്ക് ബന്ധപ്പെട്ടതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത് എന്നാണ് അന്വേഷണ വൃത്തങ്ങൾ നൽകുന്ന വിവരം.

മെയ് 15ന് പുലര്‍ച്ചെ രണ്ടരയോടെയാണ് കാഞ്ഞങ്ങാട്, പടന്നക്കാട്ടെ വീട്ടിനുള്ളിൽ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് സ്വർണാഭരണങ്ങൾ കവർന്നശേഷം വീടിനടുത്തുള്ള പറമ്പിൽ ഉപേക്ഷിച്ചത്. കുറ്റക്യത്യം നടത്തിയ 35 വയസുള്ള കുടക് സ്വദേശിയായ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പൊലീസിന് ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

ഒരു വർഷത്തിൽ അധികമായി യുവാവ് സ്വന്തം മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ലെന്നും അതാണ് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണം സാധ്യമാകാതിരുന്നതെന്നും പൊലീസ് പറയുന്നു. കുടക്, മാണ്ഡ്യ, ഈശ്വരമംഗലം തുടങ്ങിയ ഇടങ്ങളിലും കാസർകോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലും അന്വേഷണ സംഘം പ്രതിക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ ആയിരുന്നില്ല. ഇടക്ക് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും പിന്നീട് നല്ല സ്വഭാവക്കാരനായി ജീവിക്കുകയും ചെയ്യുന്ന രീതിയാണ് പ്രതിയുടേത്. ബൈക്കില്‍ കറങ്ങി നടന്നാണ് കുറ്റകൃത്യം നടത്തുന്നതെന്നും പൊലീസ് പറഞ്ഞു.

നേരത്തെ മാല പിടിച്ചു പറിച്ച കേസുകളും ഇയാൾക്കെതിരെ ഉണ്ട്. പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റിക്കൊണ്ട് പോയി വനത്തിലെത്തിച്ച് പീഡിപ്പിച്ചതിന് പോക്സോ കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇതില്‍ മൂന്ന് മാസം റിമാണ്ടിലായിരുന്നു. അധികം സുഹൃത്തുക്കൾ ഇല്ലാത്ത യുവാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാനായി നേരത്തെ ജയിലിൽ ഇയാളോടൊപ്പം കഴിഞ്ഞവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.

ബാംഗ്ലൂരിലും ഗോവയിലും ഹോട്ടൽ ജോലി ചെയ്‌തിരുന്ന യുവാവ് അവിടേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ഭാര്യയെ ഇയാൾ ഫോണിൽ വിളിച്ചത്. ഇതോടെയാണ് പൊലീസ് ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.

നോര്‍ത്ത് ഡി.ഐ.ജി തോംസണ്‍ ജോസിൻ്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഡി.വൈ.എസ്.പി വി.വി ലതീഷിൻ്റെ നേതൃത്വത്തില്‍ 26 അംഗ അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പിന്നീട് അന്വേഷണ സംഘത്തെ വിപുലീകരിച്ച് 32 അംഗ പ്രത്യേക സ്‌ക്വാഡ് ആക്കി മാറ്റി. സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ചാണ് അന്വേഷണം ഊര്ജിതമാക്കിയത്.

0Shares