
ആലുവ: കേരള ലോട്ടറിയുടെ സമ്മര്‍ ബമ്പര്‍ ഒന്നാം സമ്മാനം സിനിമാ താരം രജനി ചാണ്ടിയുടെ വീട്ടുജോലിക്കാരന്‍ ആസാം സ്വദേശി ആല്‍ബര്‍ട്ട് ടിഗയ്ക്ക്. സമ്മാനാര്‍ഹമായ എസ്.ഇ 222282 ടിക്കറ്റ് വിറ്റത് ചൂണ്ടിയിലെ മാഞ്ഞൂരാന്‍ ലോട്ടറി ഏജന്‍സിയാണെങ്കിലും ആളെ തിരിച്ചറിഞ്ഞിരുന്നില്ല. ആല്‍ബര്‍ട്ട് വിവരം ഓണ്‍ലൈന്‍ മുഖേന അറിഞ്ഞെങ്കിലും നാട്ടിലുള്ള ഭാര്യ അഞ്ചലയോട് മാത്രമാണ് പറഞ്ഞത്. വൈകിട്ട് രജനി ചാണ്ടിയുടെ ഭര്‍ത്താവ് ചാണ്ടിയെ വിവരമറിയിച്ചു.
അദ്ദേഹത്തിൻ്റെ ഉപദേശപ്രകാരം തിങ്കളാഴ്‌ച രാവിലെ ആലുവ കാത്തലിക് സെൻ്റെറിലെ എസ്.ബി.ഐ ബ്രാഞ്ചിലെത്തി ടിക്കറ്റ് കൈമാറി. ആസാമിലെ എസ്.ബി.ഐ ശാഖയിലെ അക്കൗണ്ട് ആലുവ ശാഖയിലേക്ക് മാറ്റി ഉച്ചയ്ക്ക് ശേഷമാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

1995ലാണ് ആല്‍ബര്‍ട്ട് കേരളത്തില്‍ ജോലി തേടിയെത്തിയത്. 15 വര്‍ഷമായി രജനി ചാണ്ടിയുടെ വീട്ടിലെ ജീവനക്കാരനാണ്. അശോകപുരം കൊടികുത്തുമലയിലെ വീട് രജനി ചാണ്ടി ബന്ധുക്കള്‍ക്ക് വിറ്റ് ചെങ്ങമനാട്ടിലെ ഫ്ളാറ്റിലേക്ക് ഒരു വര്‍ഷം മുമ്പ് താമസം മാറ്റിയപ്പോഴും ആല്‍ബര്‍ട്ട് കൂടെയുണ്ടായിരുന്നു. വിറ്റ വീടിൻ്റെ കാവല്‍ക്കാരനായും ചെടികള്‍ നനയ്ക്കാനും ഇപ്പോഴും ആല്‍ബര്‍ട്ട് പോകുന്നുണ്ട്. തിങ്കളാഴ്‌ച ലോട്ടറി ടിക്കറ്റ് ബാങ്കില്‍ ഏല്‍പ്പിച്ച ശേഷവും ജോലിസ്ഥലത്ത് തിരിച്ചെത്തി ചെടികള്‍ക്ക് വെള്ളമൊഴിക്കാനും ആല്‍ബര്‍ട്ട് ഉണ്ടായിരുന്നു.
നല്ലൊരു വീടുണ്ടാക്കണം, മക്കളെ പഠിപ്പിക്കണം
ആസാം ഡിമകുച്ചി ഉഡല്‍ഗുരിയില്‍ ഫെഡ്രിക് ടിഗയുടെ മകനാണ് ആല്‍ബര്‍ട്ട് ടിഗ. സാമ്പത്തിക ബാദ്ധ്യതകളെ തുടര്‍ന്നാണ് കൂലിവേലക്കായി കേരളത്തിലെത്തിയത്. രജനി ചാണ്ടിക്കൊപ്പം കൂടിയതോടെ ജോലി സ്ഥിരമായി.
ഭാര്യ അഞ്ചലയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായ മക്കള്‍ ഏലിയാസ് (അഞ്ചാം ക്ലാസ്), ഡേവിഡ് (ഒന്നാം ക്ലാസ്) എന്നിവരും ഷീറ്റ് മേഞ്ഞ കൊച്ചുവീട്ടിലാണ് താമസം. നല്ലൊരു വീട് നിര്‍മ്മിച്ച് മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണം. അതാണ് പ്രധാന ലക്ഷ്യമെന്ന് ആല്‍ബര്‍ട്ട് പറയുന്നു. പത്ത് വര്‍ഷത്തോളമായി ലോട്ടറി എടുക്കുന്നുണ്ടെങ്കിലും 5,000 രൂപ വരെയേ സമ്മാനം ലഭിച്ചിട്ടുള്ളൂ. സമ്മാനം ലഭിച്ചെങ്കിലും കേരളം വിട്ടുപോകില്ലെന്നും ആല്‍ബര്‍ട്ട് പറഞ്ഞു.
