
തൃക്കാക്കര: ഇന്‍ഫോപാര്‍ക്ക് പ്രദേശത്ത് വിദ്യാര്‍ത്ഥികളും ടെക്കികളും ഉള്‍പ്പടെയുള്ളവര്‍ക്ക് രാസലഹരി വിറ്റിരുന്ന കായിക അധ്യാപികയായ യുവതി ഉള്‍പ്പെട്ട മൂന്നംഗ സംഘം പൊലീസ് പിടിയിൽ. മയക്കുമരുന്ന് ഉപയോഗം ക്യാമ്പസുകളിലും സ്‌കൂളുകളിലും തടയാൻ പോലീസ് നാർക്കോട്ടിക് നടപടികൾ ശക്തമാക്കി.
പെരിന്തല്‍മണ്ണ കാപ്പില്‍ വീട്ടില്‍ സനില്‍ (27), തിരുവല്ല സ്വദേശിയും കായിക അധ്യാപകനുമായ അഭിമന്യു (27), തിരുവനന്തപുരം മുട്ടത്തറ ശിവശക്തി വീട്ടില്‍ അമൃത (24) എന്നിവരെ ഇന്‍ഫോപാര്‍ക്ക് പൊലീസും ഡാന്‍സാഫും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഏറെ വിശ്വാസമുണ്ടായിരുന്നവര്‍ക്ക് മാത്രമാണ് ഇവര്‍ ലഹരി വിറ്റിരുന്നത്. കമ്മിഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ കഴിക്കാട്ട് മൂലയിലെ ഫ്ലാറ്റില്‍ നിന്ന് ബുധനാഴ്ച വൈകിട്ടാണ് ഇവരെ പിടികൂടിയത്. 20 ഗ്രാം എം.ഡി.എം.എ പിടികൂടി. ബംഗളൂരുവില്‍ നിന്നാണ് ഇവര്‍ മയക്കുമരുന്ന് എത്തിച്ചിരുന്നത്.

ഇവരുടെ ഇടപാടുകളെക്കുറിച്ചു ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ ഏതാനും ദിവസങ്ങളായി ലഹരി സംഘം നിരീക്ഷണത്തിലായിരുന്നു. പ്രതികള്‍ ഫോണുകളും സിംകാര്‍ഡുകളും മാറി മാറി ഉപയോഗിച്ചിരുന്നതാണ് പൊലീസിനെ ഏറെ വലച്ചത്. പല പ്രാവശ്യം പിടികൂടാന്‍ ശ്രമമുണ്ടായെങ്കിലും രക്ഷപ്പെട്ട സംഘത്തെ സാഹസികമായാണ് ഒടുവില്‍ വലയിലാക്കിയത്. ലഹരി സംഘത്തിൻ്റെ മുഖ്യ കണ്ണികളെ കണ്ടെത്താൻ പോലീസ് ശ്രമം തുടരുന്നുണ്ട്.

മയക്കുമരുന്ന് ഉപയോഗം ക്യാമ്പസുകളിലും സ്‌കൂളുകളിലും വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ഓരോ വര്‍ഷവുമുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്വയം നശിക്കുന്നവരെ രക്ഷപ്പെടുത്തുന്നതില്‍ നിന്നും വൈദ്യശാസ്ത്രം പോലും പരാജയപ്പെടും. ജീവിതം ലഹരി വിമുക്തമാക്കാന്‍ ലോകത്താകമാനം ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. എന്നാല്‍ ലഹരി പദാര്‍ത്ഥം ഒരിക്കലും ഉപയോഗിക്കില്ലെന്ന് ഒരു വ്യക്തി ഉറച്ച തീരുമാനമെടുക്കുന്നതാണ് സാമൂഹിക ബോധവത്കരണം വിജയയമാകുകയെന്ന് പോലീസ് നാർക്കോട്ടിക് വിഭാഗം പറഞ്ഞു.
