
കാസര്‍കോട്: വെള്ളിയാഴ്‌ച പുലര്‍ച്ചെ ചെമനാട് പാലത്തിന് സമീപം കാര്‍ നിര്‍ത്തിയ ശേഷം ചന്ദ്രഗിരി പുഴയില്‍ വീണ ടാക്‌സി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ചട്ടഞ്ചാലിലെ ടാക്‌സി ഡ്രൈവര്‍ ചട്ടഞ്ചാല്‍ മന്ന്യത്തെ ശ്രീധരൻ്റെ (46) മൃതദേഹമാണ് ശനിയാഴ്‌ച രാവിലെ 10 മണിയോടെ തളങ്കര പഴയ ഹാര്‍ബറിന് സമീപം കണ്ടെത്തിയത്.
ഫിഷറീസ് റെസ്‌ക്യൂ ടീമും കോസ്റ്റല്‍ പൊലീസും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്‌ച രാവിലെയാണ് ചെമനാട് പാലത്തിന് സമീപം ടാക്‌സി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. അതിനിടെയാണ് ടാക്‌സി ഡ്രൈവര്‍ ശ്രീധരനെ കാണാതായതായുള്ള വിവരം ലഭിക്കുന്നത്. ശ്രീധരനെ കാണാനില്ലെന്ന പരാതിയില്‍ മേല്‍പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി.

ചെമനാട് പാലത്തിന് സമീപം ശ്രീധരൻ്റെ ടാക്‌സി കണ്ടെത്തിയതോടെ പുഴയില്‍ ചാടിയതായിരിക്കാമെന്ന നിഗമനത്തെ തുടര്‍ന്ന് തിരച്ചില്‍ നടത്തി വരികയായിരുന്നു.
ഫിഷറീസ് റെസ്‌ക്യൂ ടീമിലെ അജീഷ്, രമേശന്‍, മുഹമ്മദ് സമീര്‍, കുമാരന്‍ എന്നിവര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കോസ്റ്റല്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. കോസ്റ്റല്‍ എസ്.ഐ ബാലചന്ദ്രന്‍, മഹേഷ്, ജോസഫ്, സതീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
പരേതരായ മുത്തുനായരുടേയും അമ്മാളു അമ്മയുടേയും മകനാണ് ശ്രീധരന്‍. പ്രവീണയാണ് ഭാര്യ. ശ്രീവൈഗ, തന്മയ എന്നിവർ മക്കളാണ്. കുഞ്ഞിരാമന്‍, ബാലകൃഷ്ണന്‍, കുമാരന്‍, ദാക്ഷായണി, ജാനകി, രുഗ്മിണി, രാധ, ലീല സഹോദരങ്ങളാണ്.
