
കാസര്‍കോട്: ജില്ലയിൽ കോവിഡ് -19 കേസുകളുടെ അതിവ്യാപന രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം വർദ്ധിക്കുന്നടൊപ്പം ,ഗുരുതര ലക്ഷണങ്ങൾ ഉള്ളവരുടെ എണ്ണവും വർദ്ധിച്ച് വരുമ്പോൾ ചികിത്സാരംഗത്ത് ജില്ലയുടെ പൊതുജനാരോഗ്യ സംവിധാനത്തിന്‍റെ വലിയ നേട്ടമാവുന്നു ടാറ്റാ ട്രസ്റ്റ് കോവിഡ് ആശുപത്രി. മരണാസന്നരായ നിരവധി പേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചു ഈ ആശുപത്രിയിലെ ചികിത്സ കൊണ്ട്.

നിലവിൽ 200 പേരെ ചികിൽസിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത് . ഹോസ്പിറ്റൽ ആരംഭിച്ചത് മുതൽ നാളിതു വരെയായി 1524 കോവിഡ് -19 രോഗികൾക്ക് ഇവിടെ നിന്നും ചികിത്സ ലഭ്യമാക്കിയിരിക്കുന്നു. .ഇതിൽ 1368 പേരുടെയും രോഗം ഭേദമായിരുന്നു .ഗുരുതരാവസ്ഥയിലുള്ള കാറ്റഗറി ബി, സി രോഗികളെയാണ് പ്രധാനമായും ഇവിടെ ചികില്സിക്കുന്നത്. 12 ഓളം ഐ സി യു ബെഡുകളും 70 ഓളം സെൻട്രലൈസ്ഡ് ഓക്സിജൻ പൈപ്പ് ലൈൻ സൗകര്യമുള്ള ബെഡുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
ഇതിനകം 86 ഓളം അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾ ഇവിടെ നിന്ന് ചികിത്സ ലഭിച്ചു രോഗം ഭേദമായിട്ടുണ്ട്. ഇതിൽ 7 പേർ അതീവ ഗുരുതരാവസ്ഥയിൽ വെൻ്റിലേറ്റർ സഹായം ആവശ്യമായവരായിരുന്നു.
ഒരു കണ്ടെയ്നറിൽ 4 ബെഡ് എന്ന കണക്കിലാണ് 540 പേർക്ക് ചികിത്സാ സൗകര്യം കണക്കാക്കിയത്. എന്നാൽ ഓഫീസ് സംവിധാനം, ലബോറട്ടറി, ഫാർമസി, ഫാർമസി സ്റ്റോർ, ജീവനക്കാരുടെ താമസം എന്നിവക്ക് വേണ്ടി കണ്ടെയ്നറുകൾ നീക്കി വെക്കേണ്ടതുണ്ട്. ഐ സി യു വാർഡുകൾ സജ്ജീകരിക്കുമ്പോൾ ഒരു കണ്ടെയ്നറിൽ 3 ബെഡുകൾ മാത്രമേ ഒരുക്കാൻ സാധിക്കൂ. ബെഡുകളുടെ അകലം ഇൻഫെക്ഷൻ കോൺട്രോളിന്‍റെ അടിസ്ഥാനത്തിൽ ക്രമീകരിക്കേണ്ടതുമുണ്ട്. അതുകൊണ്ടാണ് മുഴുവൻ കണ്ടയ്നറുകളും ചികിത്സാ സൗകര്യത്തിന് ഉപയോഗപ്പെടുത്താൻ സാധിക്കാതെ വരുന്നത്.
ആദ്യ വ്യാപനതരംഗത്തിൽ ജില്ലാ ആശുപത്രിയെ പൂർണമായും കോവിഡ് ആശുപത്രിയായി മാറ്റേണ്ടി വരുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇത്തവണ ഈ അതിതീവ്ര വ്യാപന സമയത്ത് പോലും ജില്ലാ ആശുപത്രിയിൽ കോവിഡിതര ചികിത്സ ലഭ്യമാക്കാൻ കഴിയുന്നത് ടാറ്റ ആശുപത്രി പ്രവർത്തിക്കുന്നത് കൊണ്ടാണ്. 191 തസ്തികകൾ വിവിധ വിഭാഗങ്ങളിലായി ഇവിടെ സർക്കാർ സൃഷ്ടിച്ചത്. ഇതിൽ ഏറെക്കുറെ നല്ലൊരു ശതമാനം തസ്തികകളിൽ ജീവനക്കാർ എത്തിയതോടെയാണ് ആശുപത്രി പ്രവർത്തനം കൃത്യമായും സുഗമമായും നടക്കാൻ തുടങ്ങിയത്.
