
കാസര്‍കോട് ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്‍റെ സഹായത്തോടെ ടാറ്റ ഗ്രൂപ്പ് സൗജന്യമായി നിര്‍മ്മിച്ച് നല്‍കിയ ആശുപത്രി ഒക്ടോബര്‍ 28 ബുധനാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇതില്‍ ഒന്നാം ഘട്ടമായി മെഡിക്കല്‍, പാരാമെഡിക്കല്‍, അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലായി 191 പുതിയ തസ്തികകള്‍ അടുത്തിടെ സൃഷ്ടിച്ചിരുന്നു. ഇവരുടെ നിയമന നടപടികൾ നടന്നുവരികയാണ്.

ഇപ്പോള്‍ കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ കൊവിഡ് ആശുപത്രിയായി പ്രവര്‍ത്തിക്കുന്നുവെങ്കിലും രോഗവ്യാപനം നിയന്ത്രണ വിധേയമാകുമ്പോള്‍ ഈ ആശുപത്രി സാധാരണ ആശുപത്രിയായി പ്രവര്‍ത്തിക്കും.ഇതുവഴി കാസര്‍കോട് മേഖലയിലെ ചികിത്സാ സൗകര്യം വര്‍ദ്ധിപ്പിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം , നിര്‍മാണം പൂര്‍ത്തിയായിട്ടും ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് നവംബര്‍ ഒന്നു മുതല്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്ന് കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണത്താന്‍ പ്രഖ്യാപിച്ചിരുന്നു.
