
തമിഴ്‌നാട് മുഴുവന്‍ കൊവിഡ് സാധ്യത പ്രദേശമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ രോഗികളുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്‌നാട്. ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 411 രോഗികളാണ് തമിഴ്‌നാട്ടിലുള്ളത്. ഇതില്‍ 364 പേരും ദല്‍ഹിയിലെ നിസാമുദ്ദീനില്‍ വെച്ച് നടന്ന തബ് ലീഗ് സമ്മേളനം കഴിഞ്ഞ് എത്തിയവരാണ്. മറ്റുള്ള 47 രോഗികളില്‍ കൂടുതല്‍ പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്.

കേന്ദ്രഗവണ്‍മെന്റിന്‍റെ കണക്ക് പ്രകാരം 501 പേര്‍ മാത്രമാണ് തബ് ലീഗ് സമ്മേളനത്തില്‍ നിന്ന് തമിഴ്‌നാട്ടില്‍ എത്തിയത്. എന്നാല്‍ തമിഴ്‌നാട് ഗവണ്‍മെന്റ് പുറത്തുവിട്ട കണക്ക് പ്രകാരം 1500 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുകയും 1135 പേര്‍ തിരികെ തമിഴ്‌നാട്ടില്‍ എത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ നിലവില്‍ തബ് ലീഗ് സമ്മേളനം കഴിഞ്ഞ് എത്തിയ 1200 പേരെ സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. മാര്‍ച്ച് 18 നാണ് ഈ സംഘം തമിഴ്‌നാട്ടില്‍ തിരികെ എത്തിയത്.
സമ്മേളനം കഴിഞ്ഞ് തിരികെയെത്തിയ ആളുകള്‍ തമിഴ്‌നാട്ടിലെ ഇരുപതോളം ജില്ലകളില്‍പ്പെട്ടവരാണ് എന്നത് സംസ്ഥാനത്ത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഭൂരിപക്ഷം പേരും ട്രെയിന്‍ മാര്‍ഗമാണ് ദല്‍ഹിയില്‍ നിന്ന് തമിഴ്‌നാട്ടില്‍ എത്തിയത്. ഇവര്‍ വിമാനം, ട്രെയിന്‍, ബസ്, ഓട്ടോ, സ്വകാര്യവാഹനങ്ങള്‍ തുടങ്ങിയവയില്‍ യാത്ര നടത്തിയാണ് സ്വന്തം പ്രദേശങ്ങളില്‍ തിരികെയെത്തി ചേര്‍ന്നത്.
