കേരളം നല്‍കിയ ഒ.എന്‍.വി സാഹിത്യ പുരസ്കാരം വേണ്ടെന്നുവെച്ച് തമിഴ് കവി വൈരമുത്തു; കാരണം ഇതാണ്

  • Post category:entertainment
  • Reading time:1 min read
You are currently viewing കേരളം നല്‍കിയ ഒ.എന്‍.വി സാഹിത്യ പുരസ്കാരം വേണ്ടെന്നുവെച്ച് തമിഴ് കവി വൈരമുത്തു; കാരണം ഇതാണ്

കേരളം നല്‍കിയ ഒ. എന്‍. വി സാഹിത്യ പുരസ്കാരം വേണ്ടെന്നുവെച്ച് തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഒ.എന്‍.വി പുരസ്കാരത്തിന് പരി​ഗണിച്ചതിന് നന്ദിയെന്നും വൈരമുത്തു പറഞ്ഞു. മീറ്റു ആരോപണം നേരിടുന്ന വൈരമുത്തുവിന് ഒ.എൻ.വി പുരസ്കാരം നൽകുന്നതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.

വിമർശനങ്ങൾ ശക്തമായതോടെ പുരസ്കാരം നൽകിയ കാര്യം പുനഃപരിശോധിക്കുമെന്ന് ഒ.എൻ.വി കൾചറൽ അക്കാദമി വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വൈരമുത്തു പുസ്കാരം നിരസിക്കുന്നതായി അറിയിച്ചത്. ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ തന്നെയും ഒ.എൻ.വിയെയും അപമാനിക്കുന്നതാണെന്നും സത്യസന്ധത ഉരച്ച് നോക്കി തെളിയിക്കേണ്ട കാര്യമല്ലെന്നും വൈരമുത്തു പറഞ്ഞു.

പുരസ്കാരത്തുകയായ മൂന്ന് ലക്ഷം രൂപയും തന്‍റെ കയ്യിൽ നിന്ന് രണ്ട് ലക്ഷം രൂപയും ചേർത്ത് അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും വൈരമുത്തു വ്യക്തമാക്കി. മീ ടു ആരോപണം നേരിടുന്ന വൈരമുത്തുവിന് ഒ.എൻ.വി പുരസ്കാരം നൽകിയതിൽ പരസ്യ പ്രതിഷേധവുമായി ഗായിക ചിന്മയി ശ്രീപദ, നടി റിമ കല്ലിങ്കൽ, പാർവ്വതി തിരുവോത്ത് തുടങ്ങിയവരും ഡബ്ള്യൂ. സി. സിയും രംഗത്തെത്തിയിരുന്നു.

2018ൽ മീ ടു കാമ്പയിനിന്‍റെ ഭാ​ഗമായി പേര് വെളിപ്പെടുത്താൻ ആ​ഗ്രഹിക്കാത്ത ഒരു യുവതി വൈരമുത്തുവിനെതിരേ ലൈംഗികാരോപണവുമായി ആദ്യം ​രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ വൈരമുത്തുവിനെതിരേ ആരോപണവുമായി ചിന്മയിയും രം​ഗത്തെത്തി. തുടർന്നും നിരവധി മീ ടൂ ആരോപണങ്ങൾ വൈരമുത്തുവിനെതിരേ ഉയർന്നു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഒ.എൻ.വി പുരസ്കാരം ലഭിച്ച വൈരമുത്തുവിനെതിരെ പ്രതിഷേധം ഉയർന്നത്.

0Shares