
അഫ്ഗാനിസ്താനിൽ സർക്കാർ രൂപവത്കരിക്കുന്നതിനുള്ള നീക്കങ്ങൾ അവസാന ഘട്ടത്തിലെന്ന് താലിബാൻ.പ്രതിരോധ സേനയുടെ ശക്തമായ ചെറുത്ത് നിൽപ്പിനൊടുവിൽ പഞ്ചഷീർ താഴ് വര കൂടി കീഴടക്കിയതിന് ശേഷമാണ് താലിബാന്‍റെ പ്രതികരണം.അതോടൊപ്പം, പുതിയ സർക്കാർ അധികാരമേൽക്കുന്ന ചടങ്ങിലേക്ക് പാകിസ്ഥാനും, ചൈനക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. ഈ രാജ്യങ്ങൾക്കുപ്പുറമേ റഷ്യ, തുർക്കി, ഖത്തർ, ഇറാൻ എന്നീ രാജ്യങ്ങളെയും അധികാരമേൽക്കുന്ന ചടങ്ങിലേക്ക് താലിബാൻ ക്ഷണിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

രാജ്യത്ത് താലിബാൻ സർക്കാർ വൈകാതെ അധികാരമേൽക്കും. പഞ്ചഷീർ താഴ് വര താലിബാൻ കീഴടക്കി കഴിഞ്ഞു. പ്രതിരോധസേനയുമായുള്ള യുദ്ധം അവസാനിച്ചു. ഇനി ആയുധം എടുക്കുന്നവർ രാജ്യദ്രോഹികളാണ്. കാബൂളിലെ വിമാനത്താവളത്തിന്‍റെ പ്രവർത്തനം പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഖത്തർ, തുർക്കി, യു.എ.ഇ എന്നീ രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധർ വിമാനത്താവളത്തിന്‍റെ പ്രവർത്തനം സാധാരണ നിലയിലാക്കാനുള്ള ശ്രമം നടത്തുകയാണെന്നും താലിബാൻ വക്താവ് സബീബുള്ള മുജാഹിദ് കാബൂളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അതോടോപ്പം, ചൈന അഫ്ഗാന്‍റെ പ്രധാന പങ്കാളിയാകുമെന്ന് താലിബാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകും. പുരാതനമായ സിൽക്ക് റൂട്ടിനെ പുനരുജ്ജീവിപ്പിക്കുന്ന ബെൽറ്റ് ആന്റ് റോഡ് പദ്ധതിക്ക് സാമ്പത്തിക സഹായം നല്കാൻ ചൈന തയ്യാറാണെന്നും താലിബാൻ കൂട്ടിച്ചേർത്തു.ചൈനയായിരിക്കും വികസന കാര്യത്തിൽ രാജ്യത്തിന്‍റെ പ്രധാന പങ്കാളി. രാജ്യത്ത് നിക്ഷേപം നടത്താൻ ചൈന സന്നദ്ധത അറിയിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ വൻ തോതിലുള്ള ചെമ്പ് ശേഖരം ചൈനയുടെ സഹായത്തോടെ ആധുനികവത്കരിക്കാനും, കൂടുതൽ കാര്യക്ഷമായി പ്രവർത്തിപ്പിക്കാനുമുള്ള ശ്രമങ്ങൾ ആരംഭിക്കും.
റക്ഷ്യയേയും പ്രധാന പങ്കാളിയായി കാണുന്നുവെന്നും താലിബാൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പഞ്ചഷീർ താഴ് വര പിടിക്കാൻ താലിബാനും പഞ്ച്ശീർ പ്രതിരോധ സേനയും തമ്മിൽ കനത്ത പോരാട്ടമാണ് നടന്നത്.കാബൂളിൽ നിന്ന് നൂറുകിലോമീറ്റർ അകലെയാണ് ഈ പ്രദേശം. അഞ്ച് സിംഹങ്ങൾ എന്നർത്ഥം വരുന്ന പഞ്ചഷീർ പ്രവിശ്യ ഇതുവരെ താലിബാനോ മറ്റ് വിദേശ രാജ്യങ്ങൾക്കോ കീഴടക്കാനായിട്ടില്ല. അന്തരിച്ച മുൻ അഫ്ഗാൻ നേതാവ് അഹമ്മദ് ഷാ മസൂദിന്‍റെ മകൻ അഹ്മദ് മസൂദിന്‍റെ നേതൃത്വത്തിലായിരുന്നു പഞ്ചഷീർ പ്രവിശ്യ താലിബാനെ പ്രതിരോധിച്ച് സ്വതന്ത്ര്യപ്രവിശ്യയായി നിലനിന്നത്.
