
പങ്കാളികളെ പരസ്പരം കൈമാറുന്ന വൻ സംഘം കോട്ടയം കുറുകച്ചാലിൽ പൊലീസ് പിടിയിൽ. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ള ദമ്പതികൾ അടങ്ങുന്ന ഏഴംഗ സംഘമാണ് പിടിയിലായത്. ചങ്ങനാശ്ശേരി സ്വദേശിനിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് വൻ റാക്കറ്റിൻ്റെ ചുരുളഴിഞ്ഞത്. മെസഞ്ചർ, ടെലഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘത്തിൻ്റെ പ്രവർത്തനമെന്ന് പൊലീസ് പറയുന്നു.

കപ്പിൾ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയാണ് പ്രധാനമായും പ്രവർത്തനം നടന്നിരുന്നത്. ആയിരക്കണക്കിന് ദമ്പതികളാണ് ഈ ഗ്രൂപ്പുകളിലുള്ളത്. പരസ്പരം പരിചയപ്പെട്ട ശേഷം പിന്നീട് നേരിട്ടു കാണുകയും അതിനു ശേഷം ലൈംഗിക ബന്ധത്തിന് നിർബന്ധിക്കപ്പെടുകയുമാണ് ചെയ്യുന്നത്. വലിയ സംഘമാണ് പിന്നിലുള്ളതെന്ന് പൊലീസ് പറഞ്ഞു. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ ഉള്ളവരും സംഘത്തിലുണ്ട്.
25 ഓളം പേർ പൊലീസിൻ്റെ നിരീക്ഷണത്തിലാണ്. പണം വാങ്ങി സ്വന്തം ഭാര്യയെ ലൈംഗിക വേഴ്ചയ്ക്ക് വിട്ടുകൊടുക്കുന്നവർ വരെ ഗ്രൂപ്പുകളിൽ ഉണ്ട് എന്നാണ് പൊലീസ് പറയുന്നത്. ഭർത്താവ് മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിനും പ്രകൃതി വിരുദ്ധവേഴ്ചയ്ക്കും പ്രേരിപ്പിക്കുന്നു എന്നായിരുന്നു ചങ്ങനാശ്ശേരി സ്വദേശിനിയുടെ പരാതി. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വലിയ സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്.
