‘ആവേശം’ കൂടി സഫാരി കാറിൽ സ്വിമ്മിം​ഗ് പൂൾ ഒരുക്കി; റോഡിലൂടെ സഞ്ചരിച്ചു കൊണ്ട് കുളിച്ച യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ ആർ.ടി.ഒയുടെ നടപടി

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing ‘ആവേശം’ കൂടി സഫാരി കാറിൽ സ്വിമ്മിം​ഗ് പൂൾ ഒരുക്കി; റോഡിലൂടെ സഞ്ചരിച്ചു കൊണ്ട് കുളിച്ച യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ ആർ.ടി.ഒയുടെ നടപടി

കാറിനുള്ളിൽ ആവേശം സിനിമാ മോഡൽ സ്വിമ്മിം​ഗ് പൂൾ ഒരുക്കിയ യൂട്യൂബർ സഞ്ജു ടെക്കിയ്ക്കെതിരെ നടപടി. ആലപ്പുഴ എൻഫോഴ്സ്മെണ്ട് ആർ.ടി.ഒയുടേതാണ് നടപടി. സഫാരി കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂൾ ഒരുക്കിയുള്ള യാത്ര സഞ്ജു യൂട്യൂബിൽ അപ്ലോഡ് ചെയ്‌തിരുന്നു.

ആർ.ടി.ഒ വാഹനം പിടിച്ചെടുക്കുകയും കാർ ഉടമയുടേയും ഡ്രൈവറുടേയും ലൈസൻസ് റദ്ദാക്കുകയും ചെയ്‌തു. യൂട്യൂബർ വാഹനത്തിൽ സഞ്ചരിച്ചു കൊണ്ട് കുളിക്കുകയും വെള്ളം റോഡിലേക്ക് ഒഴുക്കി വിടുകയും ചെയ്‌തിരുന്നു. ഇത്തരം യാത്രകൾ അത്യന്തം അപകടകരമാണെന്ന് എൻഫോഴ്സ്മെണ്ട് ആർ.ടി.ഒ രമണൻ പറഞ്ഞു.

ആവേശം സിനിമയിലെ രം​ഗയുടെ സന്തത സഹചാരി അംബാൻ ലോറിയ്ക്ക് പിന്നിൽ ഒരുക്കിയ സ്വിമ്മിം​ഗ് പൂളിൻ്റെ മാതൃകയിലാണ് സഞ്ജു ടെക്കി കാറിനുള്ളിൽ പൂളൊരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വാഹനം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തിരിക്കുന്നത്. അത്യന്തം അപകടകരമായ വിധത്തിൽ പൊതുനിരത്തിലൂടെ ആണ് ഈ പൂൾ കാർ ഓടിച്ചിരുന്നത്.

കാറിൻ്റെ പിൻഭാ​ഗത്ത് പാസഞ്ചേഴ്‌സ് ഇരിക്കുന്ന സീറ്റ് അഴിച്ചുമാറ്റിയാണ് അവിടെ സ്വിമ്മിം​ഗ് പൂൾ സെറ്റ് ചെയ്‌തത്. ടാർപോളിൻ വലിച്ചുകെട്ടി അതിൽ കുഴലിലൂടെ വെള്ളം നിറച്ചാണ് കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂൾ ഉണ്ടാക്കിയിരുന്നത്.

ദേശീയ പാതയിലൂടെ ഉൾപ്പെടെയാണ് സഞ്ജുവും കൂട്ടുകാരും ഈ വാഹനമോടിച്ചത്. നിരവധിപേർ കാറിനുള്ളിലെ പൂളിൽ കുളിക്കുന്നതായും വാഹനം റോഡിലൂടെ സഞ്ചരിക്കുന്നതായും വിഡിയോയിൽ കാണാം. അതിനിടെ വാഹനത്തിലെ പൂളിനുള്ളിലെ മർദം കൊണ്ട് വാഹനത്തിൻ്റെ എയർ ബാ​ഗ് പുറത്തേക്ക് വരികയും ഒടുവിൽ ബാക്ക് ഡോർ തുറന്ന് ഇവർ വെള്ളം പുറത്തേക്ക് ഒഴുക്കി കളയുകയും ചെയ്‌തിരുന്നു.

യൂട്യൂബിൽ മത്സരം കൂടിവരുന്നതോടെ വ്യത്യസ്തമായ വിഡിയോ ചെയ്‌തിരുന്നു റീച്ചുണ്ടാക്കാനാണ് ഈ വിഡിയോ എടുത്തതെന്നാണ് സഞ്ജു ടെക്കി പറയുന്നത്.

0Shares