മുഖ്യമന്ത്രിയുടെ കുടുംബത്തെ കടന്നാക്രമിച്ച് സ്വപ്‌ന സുരേഷ്; എനിക്ക് സരിതയെ അറിയില്ല പി.സി ജോർജിനെയും, മിസിസ് കമലയും വീണയും സ്വസ്ഥമായി ജീവിക്കുന്നു, ആരോപണങ്ങൾ വ്യക്തിപരമല്ലെന്ന് സ്വപ്‌ന

  • Post category:Kerala / news
  • Reading time:2 mins read
You are currently viewing മുഖ്യമന്ത്രിയുടെ കുടുംബത്തെ കടന്നാക്രമിച്ച് സ്വപ്‌ന സുരേഷ്; എനിക്ക് സരിതയെ അറിയില്ല പി.സി ജോർജിനെയും, മിസിസ് കമലയും വീണയും സ്വസ്ഥമായി ജീവിക്കുന്നു, ആരോപണങ്ങൾ വ്യക്തിപരമല്ലെന്ന് സ്വപ്‌ന

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങളിലുറച്ച് സ്വപ്‌ന സുരേഷ്. കേസില്‍ ഇടപെട്ട വ്യക്തികളുടെ ഭാര്യയും മക്കളുമൊക്കെ സുഖമായി ജീവിക്കുന്നു. മുഖ്യമന്ത്രിയുടെ ഭാര്യ കമലയും മകള്‍ വീണയും ഉള്‍പ്പെടെയുള്ളവര്‍ പ്രയാസം അനുഭവിക്കുന്നില്ല. അവര്‍ എല്ലാ ആഡംബരങ്ങളും ആസ്വദിച്ച് ജീവിക്കുകയാണ്. ജീവിക്കാന്‍ നിവൃത്തിയില്ലാത്ത കാലത്തോളം നമ്മുടെ മേലുദ്യോഗസ്ഥര്‍ പറയുന്നത് അനുസരിക്കാനെ കഴിയൂ. ഇല്ലെങ്കില്‍ വീട്ടില്‍ കാത്തിരിക്കുന്ന കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ പറ്റില്ല. തൻ്റെ വെളിപ്പെടുത്തലുകള്‍ പ്രതിച്ഛായ ഉണ്ടാക്കാനല്ലെന്നും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു.

”ഈ കേസുമായി ബന്ധപ്പെട്ട് ഉൾപ്പെട്ടിട്ടുള്ള വ്യക്തികളുമായി ബന്ധപ്പെട്ട സ്ത്രീകളോ, മറ്റ് വ്യക്തികളുടെ ഭാര്യയോ അമ്മയോ സുഖമായി ജീവിക്കുന്നു. മിസിസ് കമല വിജയനും മിസിസ് വീണ വിജയനും സ്വസ്ഥമായി വളരെ ആഢംബരത്തോടെ ജീവിക്കുന്നു. ഞാനിപ്പോഴും കേസുമായി ബുദ്ധിമുട്ടി ജീവിക്കുന്നു”. സ്വപ്‌ന സുരേഷ് പറഞ്ഞു. പി.സി ജോർജ് സ്വപ്നയെ പല തവണ വിളിച്ചുവെന്ന തരത്തിൽ മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് സ്വപ്‌ന സുരേഷ് പൂർണമായി തള്ളിക്കളയുന്നു.

തനിക്ക് സരിതയെ അറിയില്ല. പി.സി ജോർജ് തന്നെ വിളിക്കാൻ ശ്രമിച്ചു എന്നത് സത്യമാണ്. എന്നാൽ താൻ പ്രതികരിച്ചിട്ടില്ല. താൻ കോടതിയിൽ രഹസ്യമൊഴി നൽകിയതാണ്. അതിൽ കൂടുതൽ പറയാൻ തനിക്ക് കഴിയില്ല. താൻ പാവയായിരുന്നു. പലരും പല ആവശ്യങ്ങൾക്കായി എന്നെ ഉപയോഗിച്ചിട്ടുണ്ട്. എന്നാലിപ്പോൾ ഞാനൊരു ജോലി ചെയ്ത് ജീവിക്കുകയാണ്. എന്‍റെ കഞ്ഞിയിൽ പാറ്റയിടരുത് – സ്വപ്‌ന സുരേഷ് പറയുന്നു. അങ്ങോട്ട് സ്വയം ആവശ്യപ്പെട്ടാണ് ഇന്നലെ എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എം.ശിവശങ്കറിനും നളിനി നെറ്റോ ഐ.എ.എസ്സിനും അടക്കമുള്ളവർക്കെതിരെ ഗുരുതരമായ ആരോപണങ്ങളോടെയുള്ള രഹസ്യമൊഴി സ്വപ്‌ന സുരേഷ് നൽകിയത്.

പി.സി ജോർജ് ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചിരുന്നോ എന്ന ചോദ്യത്തിന് ”തനിക്ക് പി.സി ജോർജിനെ വ്യക്തിപരമായി അറിയില്ല” എന്നായിരുന്നു സ്വപ്‌നയുടെ മറുപടി. ”മിസിസ് സരിതയെ എനിക്കറിയില്ല. ഞങ്ങൾ ഒരേ ജയിലിൽ ഒരേ സമയത്തുണ്ടായിരുന്നു. അതേ അട്ടക്കുളങ്ങര ജയിലിൽ അവരും ആ സമയത്ത് ശിക്ഷ അനുഭവിക്കുകയായിരുന്നു. ഞാനാ വ്യക്തിയോട് ഒരു ഹലോ പോലും പറഞ്ഞിട്ടില്ല. പി.സി ജോർജ് എന്ന് പറയുന്ന വ്യക്തി എന്നെ വിളിച്ചു എന്നാണല്ലോ പറയുന്നത്. സത്യസന്ധമായി സംസാരിക്കുകയാണെങ്കിൽ പി.സി ജോർജ് എന്തിന് അത് റെക്കോഡ് ചെയ്ത് പുറത്തുവിടണം? അതിന് പിന്നിലല്ലേ അജണ്ടയുള്ളത്? സരിത അടക്കം തന്‍റെ പ്രസ്താവന രാഷ്ട്രീയമായി ഉപയോഗിക്കരുത്. എനിക്ക് ജീവിക്കണം. എനിക്കെന്‍റെ മക്കളെ വളർത്തണം. പി.സി ജോർജോ മറ്റാരോ സംസാരിച്ചത് എനിക്ക് ശ്രദ്ധിക്കണ്ട കാര്യമില്ല.”

വിയ്യൂര്‍ ജയിലില്‍ വെച്ച് കടുത്ത മാനസിക പീഢനം കാരണം ഹൃദയാഘാതമുണ്ടായി. അതിനെ ജയില്‍ ജീവനക്കാര്‍ നാടകമാക്കി മാറ്റി. തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ വെച്ച് അടിക്കടി അപസ്മാരമുണ്ടായി. താന്‍ ഇന്ന് മെഡിക്കല്‍ കോളേജില്‍ ഹൃദ്രോഗത്തിനും അപസ്മാരത്തിനും ചികിത്സ തേടുകയാണ്. ഇതിനെല്ലാം കാരണം ജയില്‍ അധികൃതരാണ്. ഡി.ഐ.ജി അജയകുമാര്‍ എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടത് നിഷേധിച്ചതാണ് പകയ്ക്ക് കാരണമെന്നും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു.

പി.സി ജോർജ് എന്തൊക്കെയോ സ്വപ്‌ന എഴുതി കൊടുത്തിട്ടുണ്ടെന്നാണല്ലോ പറയുന്നത് എന്ന ചോദ്യത്തിന് ”അങ്ങനെയെങ്കിൽ ആ രേഖ പി.സി ജോർജ് പുറത്തുവിടട്ടെ” എന്നായിരുന്നു സ്വപ്‌നയുടെ മറുപടി. ”ഇപ്പോൾ ഞാനൊരു 164 മൊഴി കൊടുത്തു. അതിനെക്കുറിച്ച് മാത്രമേ ഞാൻ പറയുന്നുള്ളൂ. ഇത്രയും നാളും പറയാത്തത് ഇപ്പോൾ വന്ന് പറയുന്നതല്ല. പറയേണ്ട സമയം വന്നപ്പോൾ പറയുന്നതാണ്. ഇത്രയും നാൾ കേസിൽ ഉൾപ്പെട്ടിട്ടുള്ള, ഞാനത് ആവർത്തിക്കുന്നു, കേസിൽ ഉൾപ്പെട്ടിട്ടുള്ള കാര്യങ്ങളേ ഞാൻ പറയുന്നുള്ളൂ. ഇന്നലത്തെ ആരോപണങ്ങൾ സ്വപ്‌ന സുരേഷ് ആവർത്തിക്കുന്നു.

0Shares