സുരേശേട്ടനും സുമലത ടീച്ചറും വീണ്ടും; രാജേഷ് മാധവന്‍ ഇനി നായകന്‍, കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിൽ എത്തുന്നു

You are currently viewing സുരേശേട്ടനും സുമലത ടീച്ചറും വീണ്ടും; രാജേഷ് മാധവന്‍ ഇനി നായകന്‍, കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിൽ എത്തുന്നു

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ രചനയും സംവിധാനവും നിര്‍വഹിച്ച ന്നാ, താന്‍ കേസ് കൊട് എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ സുരേശന്‍, സുമലത എന്നീ കഥാപാത്രങ്ങളിലൂടെ റൊമാന്റിക് നര്‍മ്മരംഗങ്ങളില്‍ തിളങ്ങിയ രാജേഷ് മാധവനും ചിത്ര നായരും ഇനി നായകനും നായികയും.

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ സുരേശന്‍, സുമലത ടീച്ചര്‍ എന്നീ കഥാപാത്രങ്ങളിലൂടെ തന്നെയാണ് ഇരുവരും ആദ്യമായി മുഴുനീള നായക നായിക വേഷത്തില്‍ എത്തുന്നത്.

ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മേയില്‍ കണ്ണൂരില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ സൈജു കുറുപ്പാണ് മറ്റൊരു താരം. അജഗജാന്തരത്തിന് ശേഷം സില്‍വര്‍ ബേ സ്റ്റുഡിയോസിൻ്റെ ബാനറില്‍ ഇമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം സബിന്‍ ഉരുളികണ്ടി.

അതേസമയം മഹേഷിൻ്റെ പ്രതികാരം എന്ന ചിത്രത്തില്‍ ശ്രദ്ധേയ വേഷം ചെയ്തുകൊണ്ട് സിനിമാരംഗത്തേക്ക് പ്രവേശിച്ച രാജേഷ് മാധവന്‍ നിരവധി ഹിറ്റ് ചിത്രങ്ങളുടെ അസോസിയേറ്റ് ഡയറക്ടറായും കാസ്റ്റിംഗ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കള്ളനും ഭഗവതിയും ആണ് രാജേഷ് മാധവൻ്റെതായി റിലീസിന് ഒരുങ്ങുന്ന സിനിമ. ആറാട്ട്, ജനഗണമന എന്നീ ചിത്രങ്ങളില്‍ ചിത്ര നായര്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ന്നാ, താന്‍ കേസ് കൊട്‌ എന്ന ചിത്രത്തിലെ സുമലത ടീച്ചര്‍ ഏറെ പ്രേക്ഷക സ്വീകാര്യത നേടി.

0Shares