
ന്യൂഡല്‍ഹി: സുരേഷ് ഗോപി കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് സുരേഷ് ഗോപി കേന്ദ്രമന്ത്രി സഭയിലേക്ക് എത്തുന്നത്. തിരുവനന്തപുരത്ത് വസതിയില്‍ തങ്ങിയിരുന്ന സുരേഷ് ഗോപിയെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടു വിളിച്ചാണ് ഉടന്‍ ഡല്‍ഹിയിൽ എത്താന്‍ നിര്‍ദേശം നല്‍കിയത്.
ഇതേത്തുടര്‍ന്ന് സുരേഷ് ഗോപി ഭാര്യ രാധികയ്‌ക്കൊപ്പം തിരുവനന്തപുരത്ത് നിന്നും ഡല്‍ഹിയിലേക്ക് പോയി. ഞാന്‍ അനുസരിക്കുന്നു എന്നാണ് പുറപ്പെടുന്നതിന് മുമ്പ് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചത്.
തമിഴ്‌നാട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.അണ്ണാമലൈയും കേന്ദ്രമന്ത്രിയാകും. ബി.ജെ.പി 36 മന്ത്രിമാരുടെ പട്ടികയാണ് തയ്യാറാക്കിയതെന്നാണ് വിവരം. കേരളത്തില്‍ നിന്നും സുരേഷ് ഗോപിയുടെ പേര് മാത്രമാണ് ഉള്ളതെന്നാണ് സൂചന. സുപ്രധാന വകുപ്പുകളൊന്നും സഖ്യകക്ഷികള്‍ക്ക് ബി.ജെ.പി നല്‍കില്ല. ആഭ്യന്തരം, പ്രതിരോധം, ധനകാര്യം, വിദേശകാര്യം, റെയില്‍വേ തുടങ്ങിയ വകുപ്പുകള്‍ ബി.ജെ.പി തന്നെ കൈകാര്യം ചെയ്യും.

അമിത് ഷാ, രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്‌കരി, പിയൂഷ് ഗോയല്‍, നിര്‍മ്മല സീതാരാമന്‍, അശ്വനി വൈഷ്‌ണവ്, ഹര്‍ദീപ് സിങ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, മുന്‍സുഖ് മാണ്ഡവ്യ, അര്‍ജുന്‍ രാംമേഘ് വാള്‍ തുടങ്ങിയവര്‍ മൂന്നാം മോദി മന്ത്രിസഭയിലും തുടരും. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, ഹരിയാന മുന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ എന്നിവരും കേന്ദ്രമന്ത്രിമാരാകും.
ടി.ഡി.പിക്കും ജെ.ഡി.യുവിനും മൂന്ന് മന്ത്രിസ്ഥാനം വീതം ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടി.ഡി.പിയില്‍ നിന്ന് റാം മോഹന്‍ നായിഡു, ഡോ. ചന്ദ്രശേഖര്‍ പെമ്മസനി എന്നിവര്‍ മന്ത്രിമാരാകും. ജെഡിയുവില്‍ നിന്ന് ലലന്‍ സിങ്, സഞ്ജയ് കുമാര്‍ ഝാ, രാം നാഥ് ഠാക്കൂര്‍ എന്നിവര്‍ക്കാണ് സാധ്യത. എല്‍.ജെ.പി (റാം വിലാസ്) അധ്യക്ഷന്‍ ചിരാഗ് പാസ്വാനും കാബിനറ്റ് മന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
