‘ശബരിമല സമരനായകന്’ കേരള ജനതയുടെ വിശ്വാസം നേടാനായില്ല; ഒരേസമയം മഞ്ചേശ്വരത്തും കോന്നിയിലും പരാജയം; ഇരട്ടി ആഘാതമായി സുരേന്ദ്രന്‍റെ ഇരട്ട തോൽവി

  • Post category:local news / news
  • Reading time:1 min read
You are currently viewing ‘ശബരിമല സമരനായകന്’  കേരള ജനതയുടെ വിശ്വാസം നേടാനായില്ല; ഒരേസമയം മഞ്ചേശ്വരത്തും കോന്നിയിലും പരാജയം; ഇരട്ടി ആഘാതമായി സുരേന്ദ്രന്‍റെ ഇരട്ട തോൽവി

നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടിഘോഷിച്ച് രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാനിറങ്ങി ഇരട്ടത്തോൽവി ഏറ്റുവാങ്ങിയ ആഘാതത്തിലാണ് ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മഞ്ചേശ്വരത്ത് ഒരിക്കൽക്കൂടി പരാജയം ഏറ്റുവാങ്ങിയ സുരേന്ദ്രൻ 2016 ൽ 89 വോട്ടിനാണ് തോറ്റതെങ്കിൽ ഇത്തവണ പരാജയത്തിന്‍റെ ആഴം കൂടി.

3000ത്തിലേറെ വോട്ടിനാണ് ഇത്തവണ തോൽവി. യു.ഡി.എഫ് സ്ഥാനാർത്ഥി എ. കെ .എം അഷ്റഫിനാണ് മഞ്ചേശ്വരത്ത് വിജയം. പുതുമുഖത്തെ രംഗത്തിറക്കി ലീഗ് നടത്തിയ പരീക്ഷണം ഒരിക്കൽക്കൂടി സുരേന്ദ്രന് തിരിച്ചടിയായി. രണ്ട് ദിവസം മാത്രമേ പ്രചാരണത്തിനിറങ്ങിയുള്ളൂവെങ്കിലും ചിട്ടയായ പ്രവർത്തനം വഴി വിജയം എന്ന സുരേന്ദ്രന്‍റെ പ്രതീക്ഷയും അസ്ഥാനത്തായി.

കോന്നിയിലും ഇത് രണ്ടാം പരാജയമാണ്. ശബരിമല വിഷയത്തിൽ സമരവും സംഘർഷവും സൃഷ്ടിച്ച് വോട്ടുനേടാം എന്ന സുരേന്ദ്രന്‍റെ പദ്ധതിയാണ് കോന്നിയിൽ രണ്ട് തവണയും വേരുറയ്ക്കാതെ പോയത്. 2019 ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോന്നി മണ്ഡലത്തിൽ 40,000 ൽ പരം വോട്ട് നേടിയ സുരേന്ദ്രൻ 2019 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 39786 വോട്ടു നേടിയിരുന്നു.

സുരേന്ദ്രന് ഇത്തവണയും കോന്നിയിൽ മൂന്നാം സ്ഥാനമേ നേടാനായുള്ളൂ. ശബരിമല സമരനായകനെന്ന് പേരെടുത്ത സുരേന്ദ്രന് പക്ഷേ അതിലൊന്നും കേരള ജനതയുടെ വിശ്വാസം നേടാനായില്ല എന്നത് ബി.ജെ.പിയെയും സുരേന്ദ്രനെയും ഒരുപോലെ ചിന്തിപ്പിക്കുന്നതാണ്. സുരേന്ദ്രന്‍റെ നേതൃത്വത്തിനെതിരെ തുടക്കംമുതൽ എതിർത്തവർക്ക് കൂടുതൽ ശക്തി നൽകുന്നതാണ് ബി.ജെ.പിയുടെ സംസ്ഥാന തകർച്ചയും സുരേന്ദ്രന്‍റെ വ്യക്തിപരമായ തോൽവിയും.

0Shares