
ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിൻ്റെ വിശാല അധികാരം ശരിവെച്ച് സുപ്രീംകോടതി. 2002 -ലെ കള്ളപ്പണ വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ സുപ്രധാന വകുപ്പുകളും ഇ.ഡിയുടെ വിശാല അധികാരവും ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണായകമായ ഉത്തരവ്.
ഇ.ഡി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കുറ്റാരോപിതന് ഇ.സി.ഐ.ആര്‍ നല്‍കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. ഇ.സി.ഐ.ആര്‍ നല്‍കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.
സമന്‍സ് നല്‍കി ചോദ്യംചെയ്യാന്‍ വിളിക്കുമ്പോള്‍ അതിനുള്ള കാരണം വ്യക്തമാക്കേണ്ടതില്ല എന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.

അറസ്റ്റിൻ്റെ സമയത്ത് മാത്രം എന്തുകൊണ്ടാണ് അറസ്റ്റ് എന്ന് കുറ്റാരോപിനോട് വ്യക്തമാക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. കാർത്തി ചിദംബരവും മഹാരാഷ്ട്ര മുൻ മന്ത്രിയും എൻ.സി.പി നേതാവുമായ അനിൽ ദേശുമുഖും അടക്കം സമർപ്പിച്ച 242 ഹർജികളിലാണ് കോടതി സുപ്രധാന വിധി.
ഇ.ഡിക്ക് വിശാല അധികാരം നൽകുന്ന വ്യവസ്ഥകളെ ചോദ്യം ചെയ്താണ് ഹർജികൾ. ജസ്റ്റിസ് എ.എം ഖാൻവിൽക്കർ, ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറയുന്നത്. ഈ നിയമത്തിന്‍റെ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിൽ ഇ.ഡിക്ക് ലഭ്യമായ വിപുലമായ അധികാരങ്ങൾ ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹർജിക്കാരുടെ വാദം. കർശനമായ ജാമ്യ വ്യവസ്ഥകൾ, അറസ്റ്റിൻ്റെ കാരണങ്ങൾ റിപ്പോർട്ട് ചെയ്യാതിരിക്കൽ, ഇ.സി.ഐ.ആര്‍ പകർപ്പ് ഇല്ലാതെ ആളുകളുടെ അറസ്റ്റ് അടക്കമുളള വ്യവസ്ഥകളാണ് ഹർജികളിൽ ചോദ്യം ചെയ്യുന്നത്
