കേരളത്തിന് അടിയന്തര കടമെടുക്കലിന് അനുമതിയില്ല; ഹര്‍ജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു

  • Post category:national / news
  • Reading time:1 min read
You are currently viewing കേരളത്തിന് അടിയന്തര കടമെടുക്കലിന് അനുമതിയില്ല; ഹര്‍ജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു

ന്യൂഡൽഹി: പതിനായിരം കോടികൂടി അടിയന്തരമായി കടമെടുക്കാന്‍ അനുവദിക്കണമെന്ന കേരളത്തിൻ്റെ ആവശ്യം സുപ്രീം കോടതി തള്ളി. സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട വിഹിതം കേന്ദ്രം കൈമാറുന്നില്ല , ഇതുമൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്നതാണ് കേരളത്തിൻ്റെ ഹർജി. സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയില്‍ കേന്ദ്ര ഇടപെടല്‍ ചോദ്യം ചെയ്‌ത്‌ കേരളം നല്‍കിയ ഹര്‍ജി സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു.

14-ാം ധനകാര്യ കമ്മീഷൻ്റെ ശുപാര്‍ശാ കാലയളവില്‍ സംസ്ഥാനത്തിന് അനുവദിച്ച തുകകള്‍ അധികമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഈ ധനകാര്യ കമ്മീഷൻ്റെ കാലയളവില്‍ 21,000 കോടി രൂപയുടെ വായ്‌പാ പരിധി വെട്ടിക്കുറച്ചിരുന്നു. ഇതിനെതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്.

പെന്‍ഷന്‍ ഉള്‍പ്പെടെ നല്‍കുന്നതിന് അടിയന്തരമായി പതിനായിരം കോടി കടമെടുക്കാന്‍ അനുവദിക്കണമെന്നാണ് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഈ ആവശ്യം സുപ്രീം കോടതി തള്ളുകയായിരുന്നു.

കോടതി ഇടപെടലിനെ തുടര്‍ന്ന് 13,608 കോടി രൂപ കഴിഞ്ഞ സമ്പത്തികവര്‍ഷം കടമെടുക്കാന്‍ കേരളത്തിന് കഴിഞ്ഞെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേരളം കൂടുതല്‍ കടമെടുത്താല്‍ വരും വർഷങ്ങളിലെ കടമെടുപ്പില്‍ കേന്ദ്ര സര്‍ക്കാരിന് കുറവു വരുത്താമെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

0Shares