മത പ്രചാരണം നടത്തിയതിന് തെളിവില്ല; വീണാ ജോർജിന്‍റെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

  • Post category:Kerala / national / news
  • Reading time:1 min read
You are currently viewing മത പ്രചാരണം നടത്തിയതിന് തെളിവില്ല; വീണാ ജോർജിന്‍റെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: ആരോഗ്യമന്ത്രി വീണാ ജോര്‍ജിൻ്റെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ നല്‍കിയ ഹർജി സുപ്രീംകോടതി തള്ളി. 2016ലെ നിയമസഭ തെര‍ഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നായിരുന്നു ഹർജി. മത പ്രചാരണം നടത്തിയതിന് തെളിവില്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം കോടതി ശരിവെച്ചു.

സ്വത്ത് വിവരം മറച്ചുവെച്ചു, തെരഞ്ഞെടുപ്പ് ജയിക്കാൻ മത പ്രചാരണം നടത്തിയെന്ന ഹർജിയാണ് ജസ്റ്റിസ് സഞ്ജീവ് ഖന്നാ, ബേലാ എം ത്രിവേദി എന്നിവർ അടങ്ങിയ ബെഞ്ച് തള്ളിയത്. എതിർ സ്ഥാനാർഥി കെ. ശിവദാസൻ നായരുടെ തിരഞ്ഞെടുപ്പ് ഏജന്റ് വി.ആർ. സോജിയാണ് വീണ തിരഞ്ഞെടുപ്പ് അഴിമതി നടത്തിയെന്നാരോപിച്ച് ഹർജി നൽകിയിരുന്നത്.

തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക സമർപ്പിക്കുന്ന വേളയിൽ ഭർത്താവിൻ്റെ ബാങ്ക് വിവരം പത്രികയിൽ നിന്ന് മറച്ചുവെച്ചെന്നായിരുന്നു വീണയ്ക്കെതിരായ ആരോപണം. കൂടാതെ തെരഞ്ഞെടുപ്പിൽ ഓർത്തോഡോക്സ് സിറിയൻ വിഭാഗക്കാരിയാണെന്ന് അവകാശപ്പെട്ട് വോട്ട് തേടിയാതയും ഹർജിയിൽ ആരോപിച്ചിരുന്നു. എന്നാല്‍ വീണ ജോര്‍ജ് എംഎല്‍എ മതപ്രചാരണം നടത്തിയെന്ന ഹര്‍ജി 2017 ഏപ്രില്‍ 12ന് ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു.

2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം 2021-ൽ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നതായും അതിനാൽ ഈ ഹർജി അപ്രസക്തമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പ് കേസുകളിൽ അപ്പീലുകൾ തീർപ്പാക്കുന്നതിൽ വരുന്ന കാലതാമസത്തെ കോടതി വിമർശിച്ചു. 2017-ലാണ് സോജിയുടെ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചത്. പിന്നീട് ഹർജിയിൽ അന്തിമ വാദം കേൾക്കലിനായി ലിസ്റ്റ് ചെയ്തത് ഇപ്പോഴാണ്. വീണ ജോർജിനായി അഭിഭാഷകരായ കുര്യാക്കോസ് വർഗീസ്, ശ്യാം മോഹൻ എന്നിവർ വാദിച്ചു. ഹർജിക്കാരനായി മുതിർന്ന അഭിഭാഷകൻ കൈലാസനാഥ പിള്ള ഹാജരായി.

0Shares