
താഴേത്തട്ടിലുള്ള ജഡ്ജിമാർ കേസുകളിലെ പ്രതികൾക്ക് ജാമ്യം അനുവദിക്കാൻ മടിക്കുന്നതായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ്. ആക്രമിക്കപ്പെടുമെന്ന ഭയം മൂലമാണ് ജഡ്ജിമാർ ഇങ്ങനെ പ്രവർത്തിക്കുന്നത്.
“ജാമ്യം അനുവദിക്കാൻ താഴെത്തട്ടിലുള്ളവർ വിമുഖത കാട്ടുകയാണ്. അതിനാൽ സുപ്രീംകോടതി ജാമ്യാപേക്ഷകളാൽ നിറഞ്ഞിരിക്കുന്നു. താഴേത്തട്ടിലെ ജഡ്ജിമാർ ജാമ്യം നൽകാൻ മടിക്കുന്നത് കുറ്റം മനസ്സിലാക്കാത്തതുകൊണ്ടല്ല, എന്നാൽ ഹീനമായ കേസുകളിൽ ജാമ്യം അനുവദിച്ചതിന് ടാർഗെറ്റ് ചെയ്യപ്പെടുമോ എന്ന ഭയം മൂലമാണ്”. ബാർ കൗൺസിൽ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഒരു അനുമോദന ചടങ്ങിൽ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവും ചടങ്ങിൽ പങ്കെടുത്തിരുന്നു. ട്രാൻസ്ഫർ ഹർജികളുമായി ബന്ധപ്പെട്ട് നിരവധി അഭിഭാഷകർ ചീഫ് ജസ്റ്റിസിനെ കണ്ടതിൽ അദ്ദേഹം ആശങ്ക ഉന്നയിച്ചു. സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ചില അഭിഭാഷകർ ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തിയെന്ന് താൻ കേട്ടു. ഇത് വ്യക്തിപരമായ പ്രശ്‌നമാകാം. പക്ഷേ സർക്കാരിൻ്റെ പിന്തുണയുള്ള കൊളീജിയത്തിൻ്റെ ഓരോ തീരുമാനത്തിനും അനുസരിച്ച് ഇത് ആവർത്തിക്കുകയാണെങ്കിൽ, അത് എവിടേക്ക് നയിക്കും? ആകെയുള്ള അവസ്ഥ മാറുമെന്നും റിജിജു പറഞ്ഞു.
