ദിലീപിനെതിരെ കൂടുതല്‍ കുറ്റങ്ങളുടെ അനുബന്ധ കുറ്റപത്രം; സാക്ഷികള്‍ നൂറുപേർ, വിചാരണ ഉടന്‍ പുനരാരംഭിക്കണം എന്ന് കോടതി, വിവരങ്ങള്‍ ഇങ്ങനെ

  • Post category:Kerala / news
  • Reading time:2 mins read
You are currently viewing ദിലീപിനെതിരെ കൂടുതല്‍ കുറ്റങ്ങളുടെ അനുബന്ധ കുറ്റപത്രം; സാക്ഷികള്‍ നൂറുപേർ, വിചാരണ ഉടന്‍ പുനരാരംഭിക്കണം        എന്ന് കോടതി, വിവരങ്ങള്‍ ഇങ്ങനെ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ അനുബന്ധ കുറ്റപത്രം തയ്യാറാക്കി ക്രൈംബ്രാഞ്ച്. 1500 ഓളം പേജ് വരുന്ന കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും. കേസ് വെള്ളിയാഴ്‌ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ വീണ്ടും പരിഗണിക്കും.

നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു ജനുവരിയില്‍ കേസില്‍ ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചത്. നിശ്ചിത ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും മൂന്ന് തവണയായി ക്രൈംബ്രാഞ്ച് സംഘം അധിക സമയം തേടുകയായിരുന്നു. ഏറ്റവും ഒടുവിലായി ഈ മാസം 15നായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചത്.

എന്നാല്‍ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിൻ്റെ ഹാഷ് വാല്യു മാറിയെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് കൂടുതല്‍ സമയം തേടുകയായിരുന്നു. മാത്രമല്ല ദിലീപിനെതിരായ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന മുന്‍ ജയില്‍ ഡി.ജി.പി ആര്‍.ശ്രീലേഖയുടെ ആരോപണത്തെ കുറിച്ചും അന്വേഷിക്കണമെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാണിച്ചു.

എന്നാല്‍ ഇനിയും സമയം അനുവദിക്കാനാകില്ലെന്ന കടുത്ത നിലപാടാണ് ഹൈക്കോടതി കൈക്കൊണ്ടത്. 22ന് തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് കേസിൻ്റെ അനുബന്ധ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. 1500 ഓളം പേജ് വരുന്ന കുറ്റപത്രത്തില്‍ ദിലീപിനെതിരെ കൂടുതല്‍ കുറ്റം ചുമത്തിയിട്ടുണ്ട്.

കേസിലെ തെളിവുകള്‍ മറച്ച്‌ വെച്ചതിനും നശിപ്പിച്ചതിനുമുള്ള വകുപ്പുകള്‍ കൂടിയാണ് ദിലീപിനെതിരെ ചേര്‍ത്തിരിക്കുന്നത്. അനുബന്ധ കുറ്റപത്രത്തില്‍ ദിലീപിൻ്റെ അടുത്ത സുഹൃത്തും വ്യവസായിയുമായ ശരതിനെയാണ് പുതുതായി പ്രതി ചേര്‍ത്തിരിക്കുന്നത്. ശരത് വഴിയാണ് ദിലീപിലേക്ക് ദൃശ്യങ്ങള്‍ എത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

നേരത്തേ കേസില്‍ ശരതിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദിലീപിൻ്റെ ഉറ്റ സുഹൃത്തായ ശരത് ആണ് കേസിലെ ബാലചന്ദ്രകുമാര്‍ പറഞ്ഞ വി.ഐ.പിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ 2017ല്‍ തന്നെ ശരതിലൂടെ ദിലീപിൻ്റെ കൈയ്യില്‍ എത്തിയെന്നാണ് അന്വേഷണ സംഘം കുറ്റപത്രത്തില്‍ പറയുന്നത്. വീട്ടില്‍ വെച്ച്‌ നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ ടാബ് ദിലീപ് കണ്ടുവെന്ന് നേരത്തേ ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ താന്‍ കണ്ടിരുന്നില്ലെന്നായിരുന്നു നേരത്തേ ദിലീപ് പറഞ്ഞിരുന്നത്. എന്നാല്‍ ദിലീപിന്‍റെ സഹോദരന്‍ അനൂപിന്‍റെ ഫോണിന്‍റെ ഫൊറന്‍സിക് പരിശോധനയില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ സംബന്ധിച്ചുളള നാലുപേജ് വിവരണം ലഭിച്ചിരുന്നു. ഇത് ദൃശ്യങ്ങള്‍ കാണാതെ തയ്യാറാക്കുക സാധ്യമല്ലെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ വിശദമാക്കുന്നത്.

കേസില്‍ ദിലീപിൻ്റെ സഹോദരന്‍ അനൂപ്, ഭാര്യ കാവ്യ, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരാണ് സാക്ഷിപ്പട്ടികയില്‍ ഉള്ളത്. നേരത്തേ വിസ്തരിച്ച ചില സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം കേസിൻ്റെ വിചാരണ ഉടന്‍ പുനരാരംഭിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കേസില്‍ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി കഴിഞ്ഞ ദിവസം അഡ്വ. അജകുമാറിനെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. നേരത്തേ കേസില്‍ രണ്ട് സെപ്ഷ്യല്‍ പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ചിരുന്നു. തുടര്‍ന്ന് അതിജീവിതയ്ക്ക് വിശ്വാസമുള്ളയാളെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കാമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു.

അതേസമയം നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിൻ്റെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. കോടതിയിലിരിക്കെ മൂന്ന് തവണ ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വിചാരണ കോടതിയിലിരിക്കെ വിവോ ഫോണ്‍ ഉപയോഗിച്ചാണ് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കണ്ടത് എന്നും ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

0Shares