
സിഗരറ്റ് വലിക്കുന്ന കാളീ ദേവിയുടെ പോസ്റ്റര്‍ പങ്കുവെച്ച കേസില്‍ സംവിധായിക ലീന മണിമേഖലയ്ക്ക് സമന്‍സ്. ഡല്‍ഹി കോടതിയാണ് ലീനയ്ക്കും മറ്റ് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും നോട്ടീസയച്ചത്. ക്രിമിനല്‍ ഗൂഢാലോചന. മതവികാരം മനഃപ്പൂര്‍വ്വം വ്രണപ്പെടുത്തല്‍, ക്രമസമാധാനം തകര്‍ക്കുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ലീനയ്‌ക്കെതിരെ കേസടുത്തതിന് പിന്നാലെയാണ് കോടതി നടപടി.
ഹിന്ദു ദേവതയെ മോശമായ രീതിയില്‍ ചിത്രീകരിച്ചെന്ന് ആരോപിച്ചായിരുന്നു കേസ്. സിനിമയുടെ പോസ്റ്റര്‍ മതവികാരം വ്രണപ്പെടുത്തുന്നതും ധാര്‍മ്മികതയ്ക്കും മര്യാദയ്ക്കും എതിരാണെന്നും ഹര്‍ജിക്കാരന്‍ പറയുന്നു. കൂടാതെ, തൻ്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ നിന്ന് ലീനയാണ് പോസ്റ്റര്‍ ട്വീറ്റ് ചെയ്തതെന്നും ഹര്‍ജിയില്‍ ആരോപിച്ചു.

കേസില്‍ ആഗസ്റ്റ് ആറിന് കൂടുതല്‍ വാദം കേള്‍ക്കാനാണ് കോടതിയുടെ തീരുമാനം. ലീന മണിമേഖല തൻ്റെ ഡോക്യുമെന്ററിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെ വിവാദം പൊട്ടിപ്പുറപ്പെടുകയായിരുന്നു. കാളീ ദേവിയുടെ വേഷം ധരിച്ച ഒരു സ്ത്രീയെ പോസ്റ്ററില്‍ കാണാം. അവര്‍ സിഗരറ്റ് വലിക്കുന്നുണ്ട്. പശ്ചാത്തലത്തില്‍ എല്‍ജിബിറ്റിക്യൂഎപ്ലസ് സമൂഹത്തിൻ്റെ ഫ്ലാഗും കാണാം.
