കേരളത്തിൽ കുപ്രസിദ്ധമായ സുകുമാരക്കുറുപ്പ് മോഡല്‍ വധം ഉത്തര്‍പ്രദേശിലും; പ്രതിയെ സഹായിച്ച ഭാര്യയും പോലീസ് പിടിയിൽ

  • Post category:news
  • Reading time:2 mins read
You are currently viewing കേരളത്തിൽ കുപ്രസിദ്ധമായ സുകുമാരക്കുറുപ്പ് മോഡല്‍ വധം ഉത്തര്‍പ്രദേശിലും; പ്രതിയെ സഹായിച്ച ഭാര്യയും പോലീസ് പിടിയിൽ

ജയിലില്‍ പോവുന്നത് ഒഴിവാക്കാന്‍ മറ്റൊരാളെ വധിച്ച് അത് സ്വന്തം മൃതദേഹം ആണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രിച്ചതിന് ഓരാള്‍ പൊലീസ് പിടിയില്‍. കൊലപാതകത്തിന് കൂട്ടു നിന്നതിന് ഭാര്യയേയും പൊലീസ് അറസ്റ്റ് ചെയ്തു. സുദേഷ് കുമാര്‍ എന്ന നാല്പത്തെട്ടുകാരനാണ് ഗാസിയാബാദ് പൊലീസിൻ്റെ പിടിയിലായത്.

2018 മെയില്‍ സ്വന്തം മകളെ വധിച്ച കുറ്റത്തിന് ജയിലില്‍ അടക്കപ്പെട്ട സുദേഷ് പരോളില്‍ വന്ന ശേഷം തിരികെ ജയിലിലേക്ക് തന്നെ മടങ്ങുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് മറ്റൊരു കൊലപാതകം കൂടി ചെയ്തത്. ബീഹാര്‍ സ്വദേശിയായ ഒരു മരപ്പണിക്കാരനെ കൊന്ന് മൃതദേഹം തിരിച്ചറിയാന്‍ പറ്റാത്ത വിധത്തില്‍ ചുട്ടുകരിച്ച്, ഭാര്യയുടെ സഹായത്തോടെ അത് തന്റേതാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു ഇയാള്‍.

കുറ്റകൃത്യത്തില്‍ പങ്കെടുത്തതിനും വേണ്ട സഹായം ചെയ്തതിനും ഭാര്യ അനുപമയെയും ഗാസിയാബാദ് പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഡല്‍ഹിയിലെ കറാവല്‍ നഗറില്‍ ഒരു പലചരക്കു കട നടത്തുകയായിരുന്ന സുദേഷ് കുമാര്‍ സുകുമാര കുറുപ്പിനെ അനുസ്മരിപ്പിക്കും വിധത്തില്‍ കൃത്യമായ പ്ലാനിങ്ങോടെയാണ് ഈ കൊലപാതകം നടപ്പിലാക്കുന്നത്. നവംബര്‍ 18ന് തൻ്റെ വീടിൻ്റെ അറ്റകുറ്റപ്പണികള്‍ നടത്താനുണ്ട് എന്നും പറഞ്ഞുകൊണ്ടാണ്, നാല്പത്തിരണ്ടുകാരനായ ദോമന്‍ രവിദാസ് എന്ന ബിഹാര്‍ സ്വദേശിയായ കൊത്തനെ തൻ്റെ വീട്ടിലേക്ക് വിളിച്ചു വരുത്തുന്നത്.

കോണ്‍ട്രാക്ട് ഉറപ്പിച്ച സമയത്തു തന്നെ തൻ്റെ വസ്ത്രങ്ങളില്‍ ഒരെണ്ണം രവിദാസിന് നല്‍കിയ സുദേഷ് അത് ധരിച്ചുകൊണ്ടുവേണം ജോലിക്കെത്താന്‍ എന്ന് നിര്‍ദേശിച്ചിരുന്നു. അടുത്ത ദിവസം രാത്രിയോടെ രവിദാസിന് സുദേഷ് മദ്യം ഒഴിച്ച് നല്‍കി. മദ്യപിച്ച് അബോധാവസ്ഥയിലായ രവിദാസിനെ വലിയൊരു വിറകിന്‍ കഷ്ണം കൊണ്ട് തലക്കടിച്ചാണ് സുദേഷ് വധിക്കുന്നത്. ശേഷം ശരീരം ഇന്ദ്രപുരിയ്ക്കടുത്തുള്ള ലോണി എന്ന സ്ഥലത്തേക്ക് ഒരു ചാക്കില്‍ കെട്ടി കൊണ്ടുപോയി, തിരിച്ചറിയാന്‍ പറ്റാത്തവിധത്തില്‍ മുഖത്തടക്കം മണ്ണെണ്ണ ഒഴിച്ച് കത്തിക്കുന്നു.

അതേസമയം പൊലീസിന് പിന്നീട് കണ്ടെടുക്കാന്‍ കണക്കാക്കി സ്വന്തം ആധാര്‍ കാര്‍ഡ് അയാള്‍ ആ മൃതദേഹത്തിൻ്റെ പോക്കറ്റില്‍ തിരുകുകയും ചെയ്തു. നവംബര്‍ 20 ന് പൊലീസ് കത്തിക്കരിഞ്ഞ ഈ മൃതദേഹം കണ്ടെടുക്കുന്നു. പരിശോധനയില്‍ ആധാര്‍ കാര്‍ഡ് കണ്ടെടുത്ത പൊലീസ് സംശയനിവൃത്തിക്ക് വേണ്ടി സുദേഷിൻ്റെ ഭാര്യ അനുപമയെ വിളിപ്പിക്കുന്നു. ആകെ കത്തിക്കരിഞ്ഞ്, പുറമേക്ക് കാര്യമായ ഒരു ലക്ഷണങ്ങളും ജഡത്തില്‍ ഇല്ലാത്തതിരുന്നിട്ടും അനുപമ വളരെ തിടുക്കപ്പെട്ട് അത് തൻ്റെ ഭര്‍ത്താവിൻ്റെ മൃതദേഹം തന്നെയെന്ന് തിരിച്ചറിയുന്നു.

രണ്ടു കാര്യങ്ങളാണ് പൊലീസില്‍ സംശയം ഉണര്‍ത്തിയത്. ഒന്ന്, മുഖം അടക്കം ദേഹം മൊത്തവും കത്തിക്കരിഞ്ഞിട്ടും, പോക്കറ്റില്‍ കേടുപാടൊന്നും പറ്റാതെ തന്നെ ഇരുന്ന ആധാര്‍ കാര്‍ഡ്. രണ്ട്, ജഡം പാടെ കത്തിക്കരിഞ്ഞ അവസ്ഥയില്‍ ആയിരുന്നിട്ടും വളരെ ധൃതിപ്പെട്ട് അത് തൻ്റെ ഭര്‍ത്താവിന്റേതാണെന്ന് അനുപമ നിസ്സംശയം തിരിച്ചറിഞ്ഞു എന്നത്. മാത്രവുമല്ല, ഭര്‍ത്താവ് അങ്ങനെ അകാലത്തില്‍ പൊലിഞ്ഞതിൻ്റെ സങ്കടം ഒട്ടും തന്നെ അവരുടെ മുഖത്ത് പ്രകടമായിരുന്നില്ല.

പ്രദേശത്തെ ഒരു സി.സി.ടി.വിയില്‍ നിന്ന് തലയില്‍ ഒരു ചാക്കുമേന്തി വരുന്ന സുദേഷിൻ്റെ ദൃശ്യങ്ങള്‍ കൂടി കിട്ടിയതോടെ അയാള്‍ക്കുമേലുള്ള കുരുക്ക് മുറുകുകയായിരുന്നു. ഈ സംഭവങ്ങള്‍ നടന്ന ശേഷം ഒരുനാള്‍ ഇയാള്‍ സ്വന്തം ഭാര്യയെ കാണാന്‍ വേണ്ടി വരുന്നു എന്ന രഹസ്യവിവരം പൊലീസിന് കിട്ടിയതോടെ ഇയാളെ കൈയോടെ പൊലീസ് പിടികൂടുകയായിരുന്നു.

0Shares