സുജീഷ് സ്‌റ്റേഷനില്‍ കീഴടങ്ങാനെത്തിയത് സൂര്യ പ്രിയയുടെ മൊബൈലുമായി; മരണവിവരം പുറത്തറിയുന്നത് പൊലീസ് വീട്ടിൽ എത്തിയപ്പോള്‍ മാത്രം

  • Post category:Kerala / news
  • Reading time:1 min read
You are currently viewing സുജീഷ് സ്‌റ്റേഷനില്‍ കീഴടങ്ങാനെത്തിയത് സൂര്യ പ്രിയയുടെ മൊബൈലുമായി; മരണവിവരം പുറത്തറിയുന്നത് പൊലീസ് വീട്ടിൽ എത്തിയപ്പോള്‍ മാത്രം

പാലക്കാട്‌: ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകയായ ചിറ്റിലഞ്ചേരി കോന്നല്ലൂരില്‍ സൂര്യപ്രിയ(24) കൊലചെയ്യപ്പെട്ടെന്ന വിവരം നാട്ടുകാരടക്കം പുറത്തറിയുന്നത് പൊലീസ് വീട്ടിലെത്തിയ ശേഷമാണ്. സൂര്യയെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയ സുഹൃത്ത് അഞ്ചുമൂര്‍ത്തിമംഗലം അണക്കപ്പാറ സ്വദേശി സുജീഷ്(27) കൃത്യം നടത്തിയ ശേഷം സൂര്യയുടെ ഫോണുമായി ആലത്തൂര്‍ പൊലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. ഏറെനാളായി സൂര്യ പ്രിയയും സുജീഷും സുഹൃത്തുക്കളാണ്. ഈ സൗഹൃദത്തിലുണ്ടായ താളപ്പിഴയാണ് സുജീഷിനെ കൊലനടത്താന്‍ പ്രേരിപ്പിച്ചതെന്നാണ് വിവരം. വ്യക്തമായ കാരണം പൊലീസ് അന്വേഷിക്കുകയാണ്.

ബുധനാഴ്‌ച രാവിലെ 11 മണിയോടെ സൂര്യയുടെ മുത്തച്ഛന്‍ മണിയും അമ്മ ഗീതയും അമ്മാവന്‍ രാധാകൃഷ്‌ണനും വീട്ടിലില്ലാത്ത സമയത്താണ് സുജീഷ് വീട്ടിലെത്തി കൊല നടത്തിയത്. മരിച്ചെന്ന് ഉറപ്പായ ശേഷമാണ് ഫോണുമായി ഇയാള്‍ പൊലീസ് സ്‌റ്റേഷനിലേക്ക് പോയത്. ചിറ്റിലഞ്ചേരിയിലെ വീട്ടിലെ കിടപ്പുമുറിയിലാണ് സൂര്യയെ മരിച്ചനിലയില്‍ കണ്ടത്. ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു സൂര്യ പ്രിയ. മേലാര്‍കോട് പഞ്ചായത്ത് സി.ഡി.എസ് അംഗവുമാണ് സൂര്യ പ്രിയ. സ്ഥലത്ത് പൊതുപ്രവര്‍ത്തന രംഗത്ത് സജീവ സാന്നിദ്ധ്യവുമായിരുന്നു.

0Shares