
മംഗളൂരു: ഉഡുപ്പി ജില്ലയിലെ ബ്രഹ്മാവര്‍ പഞ്ചസാര ഫാക്ടറിയിലെ യന്ത്രങ്ങളും ആക്രികളും വില്പന നടത്തിയതില്‍ 14 കോടി രൂപയുടെ ക്രമക്കേട് നടത്തിയ കേസിലെ പ്രതികളുടെ മുൻകൂര്‍ ജാമ്യാപേക്ഷ ഉഡുപ്പി പ്രിൻസിപ്പല്‍ ജില്ല സെഷൻസ് ജഡ്‌ജ് ശാന്തവീര ശിവപ്പ തള്ളി.
ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകള്‍ ഉള്‍പ്പെട്ട അവിഭക്ത ദക്ഷിണ കനറ കോഓപ്പറേറ്റീവ് ഷുഗര്‍ ഫാക്ടറി പ്രസിഡണ്ട് ഉള്‍പ്പെടെ ഡയറക്ടര്‍മാരും ജീവനക്കാരുമടക്കം18 പേരാണ് ഹരജിക്കാര്‍.
ബി.ജെ.പി മുൻ ജില്ല പ്രസിഡണ്ട് കൂടിയായ ഫാക്ടറി ഭരണസമിതി പ്രസിഡണ്ട് സുപ്രസാദ് ഷെട്ടി, ബി.ജെ.പി പ്രവര്‍ത്തകരായ വൈസ്. പ്രസിഡണ്ട് ഉമാനാഥ് ഷെട്ടി, ഡയറക്ടര്‍മാരായ അസ്‌തിക ശാസ്ത്രി, സുബ്ബ ബില്ലവ, സന്തോഷ് കുമാര്‍ ഷെട്ടി, സന്മദ് ഹെഗ്ഡെ, രത്നാകര ഗണിക, വാസന്തി ആര്‍.ഷെട്ടി, ഹേമലത യു.ഷെട്ടി, ഗീത ശംഭു പൂജാരി, ജീവനക്കാരായ എം.ഗോപാലകൃഷ്ണ, രമാനന്ദ നീലവര, ഉദയ് ആചാര്‍, റോണി ഡീസൂസ, യു.എൻ ശങ്കര്‍, കെ.പത്മനാഭ, വിശ്വനാഥ് ഷെട്ടി, ഗണേശ് പൂജാരി എന്നിവരാണ് കേസിലെ പ്രതികള്‍.

ഏറെ വിവാദം സൃഷ്ടിച്ച അഴിമതിക്കെതിരെ ഫാക്ടറിയിലും പുറത്തും പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. ഉഡുപ്പി ജില്ല റൈത്ത സംഘ ജനറല്‍ സെക്രട്ടറി സതീഷ് കിണി കഴിഞ്ഞ മാസം 21ന് ഫയല്‍ ചെയ്‌ത സ്വകാര്യ അന്യായത്തില്‍ ഉഡുപ്പി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിര്‍ദേശപ്രകാരം ഒക്ടോബര്‍ 25നാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്‌തത്.
കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലിരിക്കെ 2021 ആഗസ്റ്റ് 18നും 2022 ഡിസംബര്‍ അഞ്ചിനും നടത്തിയ വില്പനയിലൂടെ 14 കോടി രൂപയുടെ ക്രമക്കേട് നടത്തി എന്നാണ് സതീഷ് കിണിയുടെ പരാതിയിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ ഉന്നതരുമായി അടുപ്പം അവകാശപ്പെടുന്ന സുപ്രസാദ് ഷെട്ടിക്കെതിരെ കേസെടുക്കാൻ കോടതി നിര്‍ദേശം വരുംവരെ പൊലീസ് സന്നദ്ധമായിരുന്നില്ല.
പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജയറാം ഷെട്ടിയുടെ വാദം ശരിവെച്ചാണ് മുൻകൂര്‍ ജാമ്യം നിഷേധിച്ചത്.
