
പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രതി ഒട്ടകം രാജേഷിനെ തിരഞ്ഞ് പോയ പൊലീസ് സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് പൊലീസുകാരൻ മരിച്ചു. ആലപ്പുഴ സ്വദേശിയും എസ്.എ.പി. ക്യാമ്പിലെ പൊലീസുകാരനുമായ ബാലുവാണ് മരിച്ചത്. വർക്കല ശിവഗിരി ഡ്യൂട്ടിക്ക് എത്തിയ ബാലുവിനെ ഇവിടെ നിന്ന് പ്രതിക്കായുള്ള തെരച്ചിൽ സംഘത്തിലേക്ക് നിയോഗിക്കുകയായിരുന്നു.

വർക്കല സി.ഐയും മൂന്ന് പൊലീസുകാരുമാണ് അപകടത്തിൽപ്പെട്ടത്. കടയ്ക്കാവൂർ വക്കം പണയിൽക്കടവിലാണ് സംഭവം. ഒട്ടകം രാജേഷ് അഞ്ചുതെങ്ങ് മേഖലയിലെ ഒരു തുരുത്തിൽ ഒളിവിൽ കഴിയുന്നതായി വിവരമുണ്ടായിരുന്നു. ഇതേത്തുടർന്നാണ് ഒരു സി.ഐ.യും മൂന്ന് പൊലീസുകാരും അടങ്ങുന്ന സംഘം വള്ളത്തിൽ തുരുത്തിലേക്ക് നീങ്ങിയത്.
ഇവർ യാത്രചെയ്തിരുന്ന വള്ളം കായലിൽ മുങ്ങിപ്പോവുകയായിരുന്നു. സി.ഐയും വള്ളത്തിലുണ്ടായിരുന്ന രണ്ടാമത്തെ പൊലീസുകാരനും രക്ഷപ്പെട്ടു. ഗുരുതരാവസ്ഥയിലുള്ള ഈ ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സയിലാണ്. ഏറെ നേരത്തെ തെരച്ചിലിന് ശേഷമാണ് ബാലുവിനെ അവശനിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
