
കാസർകോട്: കോവിഡാനന്തര കേരളത്തിന്റെ ഭക്ഷ്യ ഭദ്രത ഉറപ്പാക്കാന്‍ കേരള സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ക്യാമ്പയിന്‍ ജനകീയ ഉത്സവമാക്കി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. തരിശ് ഭൂമിയിലും കൃഷിഭൂമിയിലുമെല്ലാം നൂറുമേനി വിളയിച്ച സന്തോഷത്തിലാണ് ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകള്‍. സുഭിക്ഷ കേരളം പദ്ധതിയില്‍ ആഗസ്ത് 12 വരെയായി കാഞ്ഞങ്ങാട് ബ്ലോക്ക് 174.759 ഏക്കര്‍ തരിശ് ഭൂമി രജിസ്റ്റര്‍ ചെയ്തു.
ഉദുമ 23.45ഏക്കര്‍ സ്ഥലവും അജാനൂര്‍ പഞ്ചായത്തില്‍ 22.48 ഏക്കര്‍ സ്ഥലവും മടിക്കൈ പഞ്ചായത്തില്‍ 38.53ഏക്കര്‍ സ്ഥലവും, പള്ളിക്കര പഞ്ചായത്തില്‍ 31.56 ഏക്കര്‍ സ്ഥലവും പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ 29.55 ഏക്കര്‍ സ്ഥലവും കണ്ടെത്തി. ബ്ലോക്ക് പഞ്ചായത്തില്‍ 131 ഹെക്ടര്‍ സ്ഥലത്ത് നെല്ലും 89.83 ഹെക്ടര്‍ സ്ഥലത്ത് കിഴങ്ങ് വര്‍ഗ്ഗങ്ങളും 21.5 ഹെക്ടര്‍ സ്ഥലത്ത് പച്ചക്കറികളും 16 ഹെക്ടര്‍ സ്ഥലത്ത് വാഴയും ഏഴ് ഹെക്ടര്‍ സ്ഥലത്ത് പയറ് വര്‍ഗ്ഗങ്ങളും ചെറു ധാന്യങ്ങളുമായി കൃഷി നടന്നു വരുന്നു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തില്‍ 3.1 ഏക്കര്‍ പ്രദേശത്ത് നെല്ല്, പച്ചക്കറികള്‍, മഞ്ഞള്‍, ചേന, ചേമ്പ് തുടങ്ങിയ ഭക്ഷ്യ വിളകള്‍ക്കൊപ്പം ഓണം വിപണി മുന്നില്‍ കണ്ട് പൂകൃഷിയും ചെയ്തു വരുന്നു. ചാലിങ്കാല്‍രാവണേശ്വരം പാതയോരത്ത് തരിശായി നിന്ന 3.1 ഏക്കര്‍ ഭൂമിയിലാണ് ഗ്രാമീണ കൂട്ടായ്മയില്‍ വിവിധ വിളകള്‍ നട്ടത്. വെണ്ട, വെള്ളരി, കക്കിരി, കുമ്പളം, കൈപ്പ, മുളക്, പയര്‍ തുടങ്ങി വിവിധങ്ങളായ പച്ചക്കറികള്‍ വിളവെടുപ്പിനൊരുങ്ങി നില്‍ക്കുകയാണിവിടെ.

പള്ളിക്കര പഞ്ചായത്തില്‍ നേരത്തേ പുകയില കൃഷിപ്പാടമായിരുന്ന പ്രദേശത്ത് ഇക്കുറി നെല്ലിറക്കി. അഞ്ച് ഏക്കര്‍ രണ്ട് ഏക്കര്‍ പ്രദേശങ്ങളില്‍ വിവിധ ഇടങ്ങളിലായി പച്ചക്കറികളും ചേന, ചേമ്പ് തുടങ്ങിയ കാര്‍ഷിക വിളകളും ഒപ്പം മഞ്ഞളും കൂവയും നട്ടു. അടുത്ത വര്‍ഷം പഞ്ചായത്ത് പരിധിയിലെ കര്‍ഷകര്‍ക്ക് നല്‍കാന്‍ ആവശ്യമായ വിത്ത് ശേഖരിക്കുന്നതിനായാണ് പള്ളിക്കര പഞ്ചായത്തില്‍ കൂവ കൃഷി ഇറക്കിയത്.
മടിക്കൈ പഞ്ചായത്തിലും സുഭിക്ഷ കേരളം പദ്ധതി ജനങ്ങള്‍ ഏറ്റെടുത്തു. അവിടെ നെല്ലും പച്ചക്കറികളും ചേന, ചേമ്പ് വിഭവങ്ങളും ഒപ്പം മത്സ്യ കൃഷിയും വ്യാപകമാണ്. ഉള്‍ നാടന്‍ ശുദ്ധ ജല മത്സ്യ കൃഷിക്ക് ജില്ലാതലത്തില്‍ ഒന്നാമതെത്തിയ മടിക്കൈ പഞ്ചായത്തില്‍ നിരവധി യുവാക്കളാണ് ഈ കൃഷി മേഖലയിലേക്ക് തിരിഞ്ഞിരിക്കുന്നത്.
അജാനൂരും ഉദുമയിലും സുഭിക്ഷ കേരളം പദ്ധതി മികച്ച രീതിയില്‍ നടന്നുവരുന്നു. കര്‍ഷകരും വിദ്യാര്‍ത്ഥികളും യുവജനങ്ങളും ക്ലബ്ബുകളും കക്ഷി രാഷ്ട്രീയ ഭേതമന്യേ എല്ലാ വിഭാഗം ജനങ്ങളും കൂട്ടമായി കൃഷിയിലേക്കിറങ്ങി സുഭിക്ഷ കേരളം ക്യമ്പയിന്‍ ജനകീയ പരിപാടിയാക്കി തീര്‍ത്തു. ഓണക്കാലത്തേക്കുള്ള പച്ചക്കറികള്‍ സ്വന്തമായി ഒരുക്കിയ സന്തോഷത്തിലാണ് നാട്ടുകാര്‍.
സുഭിക്ഷ കേരളം പദ്ധതിയുടെ നടത്തിപ്പിനായി തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകരും കുടുംബശ്രീ അംഗങ്ങളും സ്വയം സഹായ സംഘങ്ങളുമെല്ലാം കൈമെയ് മറന്ന് പ്രവര്‍ത്തിച്ചു. കാര്‍ഷിക വൃത്തിയിലേക്ക് ഇറങ്ങിയവര്‍ക്കെല്ലാം മികച്ച പിന്‍തുണ നല്‍കി പഞ്ചായത്തുകളും രംഗത്തെത്തിയതോടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ആവേശമായി. ഓണക്കാലത്തേക്കായി വിവിധ പഞ്ചായത്തുകളിലെ ഓരോ വാര്‍ഡുകളിലും കാര്‍ഷിക ചന്തകള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തെന്ന് പ്രസിഡന്റ് എം. ഗൗരി പറഞ്ഞു.