ഊരുജീവിതം നേരിട്ടറിയാൻ പഠന കളരി; കേരള കേന്ദ്ര സർവകലാ ശാലയിലെ വിദ്യാർഥികൾ ഗ്രാമീണ ദശദിന ക്യാമ്പിൽ

You are currently viewing ഊരുജീവിതം നേരിട്ടറിയാൻ പഠന കളരി; കേരള കേന്ദ്ര സർവകലാ ശാലയിലെ വിദ്യാർഥികൾ ഗ്രാമീണ ദശദിന ക്യാമ്പിൽ

കുറ്റിക്കോൽ / കാസർകോട്: ഗ്രാമങ്ങളിൽ കഴിയുന്ന ഊരുജീവിതം നേരിട്ടറിയാൻ വിദ്യാർഥികൾക്ക് പഠന കളരിയൊരുക്കി കേരള കേന്ദ്ര സർവകലാശാല. കുറ്റിക്കോൽ ഗ്രാമ പഞ്ചായത്തിൻ്റെ സഹകരണത്തോടെ സോഷ്യൽ വിഭാഗം ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ പത്ത് ദിവസത്തെ ‘ഊരറിവ്’ എന്ന ഗോത്രപഠന സഹവാസ ക്യാമ്പാണ് നടക്കുന്നത്.

വ്യാഴാഴ്‌ച ഉച്ചയ്ക്ക് കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുരളി പയ്യങ്ങാനം ഉദ്ഘാടനം ചെയ്‌തു. വകുപ്പ് അധ്യക്ഷനും ക്യാമ്പ് കോർഡിനേറ്ററുമായ ഡോ. എം.നാഗലിംഗം, പ്രൊഫ. രാമാനന്ദ് കോടോത്ത്, ഊരുമൂപ്പൻ സി.പി രാമൻ, വാർഡ് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. .

തദ്ദേശ സ്വയംഭരണവും പഞ്ചായത്ത്‌ പ്രവർത്തനങ്ങളും വിഷയത്തിൽ പഞ്ചായത്ത്‌ അസിസ്റ്റണ്ട് സെക്രട്ടറി ജയകൃഷ്‌ണനും, മാലിന്യ സംസ്‌കരണവും പ്രാധാന്യവും വിഷയത്തിൽ കില റിസോഴ്‌സ് പേഴ്‌സൺ കെ.ടി സുകുമാരനും വിദ്യാർത്ഥികളുമായി സംവദിച്ചു. തുടർന്ന് കൂട്ടായ ചർച്ചയും സാംസ്‌കാരിക തനിമയുള്ള ഗാനലാപനങ്ങളും നടന്നു.

ഊരുകളിലെ ജീവിതങ്ങളും സാമൂഹിക സാഹചര്യങ്ങളും മനസിലാക്കുക, സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും ഇടപെടലുകളും പ്രവർത്തനങ്ങളും അറിയുക തുടങ്ങിയവയാണ് ക്യാമ്പിൻ്റെ പ്രധാന ലക്ഷ്യങ്ങൾ. വിവിധ വിഭാഗങ്ങളിലായി ബോധവൽക്കരണ ക്ലാസ്സുകൾ, കലാ സാംസ്‌കാരിക പരിപാടികളും ദിവസവും ഉണ്ടാകും. ഊരുകൂട്ടങ്ങൾ സന്ദർശിച്ച് പഠന പ്രോജക്ടുകൾ തയ്യാറാക്കും.

കേന്ദ്ര സർവകലാശാല വൈസ്. ചാൻസലർ ഇൻ ചാർജ് പ്രൊഫ. കെ.സി ബൈജു ബുധനാഴ്‌ചയാണ് പഠന യാത്ര ഫ്ലാഗ് ഓഫ് ചെയ്‌തത്. വകുപ്പ് അധ്യക്ഷനും ക്യാമ്പ് കോർഡിനേറ്ററുമായ ഡോ. എം.നാഗലിംഗം, അധ്യാപകരായ പ്രൊഫ. എ.കെ മോഹൻ, രാമാനന്ദ്‌ കോടോത്ത്, ഡോ. റനീഷ്, ഡോ. രാജേന്ദ്ര ബൈക്കാടി, സ്റ്റുഡണ്ട് കോർഡിനേറ്റർമാരായ ആൽഫ്രഡ് വിൻസണ്ട്, ആർഷ പ്രദീപ് എന്നിവർ നേതൃത്വം നൽകി.

0Shares