
കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഗുരുതര വീഴ്ച. സ്കൂൾ കെട്ടിടത്തിന് മുകളിലൂടെ വൈദ്യുതി ലൈനിന് കടന്നു പോകുന്നത് അപകടത്തിന് കാരണമായി. സ്കൂൾ അധികൃതർക്കും KSEB ക്കും ഒരുപോലെ വീഴ്ച സംഭവിച്ചു. ലൈൻ മാറ്റിസ്ഥാപിക്കാനുള്ള നടപടി സ്കൂൾ അധികൃതർ വേഗത്തിൽ ആക്കിയില്ല. KSEB അധികൃതർ അപകടമാണെന്ന് അറിഞ്ഞിട്ടും കണ്ണടച്ചു. നഷ്ടമായത് ഭാവി വാഗ്ദാനമായ കുഞ്ഞിനെയാണ്. ഇല്ലാതായത് ഒരു കുടുംബത്തിന് എല്ലാ പ്രതീക്ഷകളുമായിരുന്ന ഒരു മകനെയാണ്. കൃത്യ നിർവഹണത്തിൽ സർക്കാർ സംവിധാനം പരാജയപെട്ടു എന്നുതന്നെ നമുക്ക് പറയാം. എട്ടാംക്ലാസ് വിദ്യാർഥി മിഥുനാണ് വ്യാഴായ്ച്ച രാവിലെ സ്കൂളിൽ ഷോക്കേറ്റ് മരിച്ചത്.13 വയസ്സായിരുന്നു. കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ നിന്നും സൈക്കൾ വെക്കാൻ സ്ഥാപിച്ച ഷീറ്റ് പാകിയ മേൽക്കൂരയിലേക്ക് കൂട്ടുകാരൻ്റെ ചെരുപ്പ് വീണു. ഇത് എടുക്കാനായി മിഥുൻ മേൽക്കൂരയിലേക്ക് കയറി. ഇതോടെ അതിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റു എന്നാണ് പറയുന്നത്. ഷോക്കേറ്റ മിഥുനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിയമപ്രകാരം വൈദ്യുതി ലൈനിന് തറ നിരപ്പിൽ നിന്ന് 4.6 മീറ്റർ ഉയരം വേണം. എന്നാൽ ഈ അപകട സ്ഥലത്ത് അത് ഉണ്ടായിരുന്നില്ല. ഇരുമ്പ് ഷീറ്റിൽ നിന്ന് വേണ്ടത് 2.5 മീറ്റർ ഉയരം. എന്നാൽ ഉണ്ടായിരുന്നത് 0.88 മീറ്റർ ഉയരം മാത്രമാണ്. ലൈൻ കേബിൾ ചെയ്ത് സുരക്ഷിതമാക്കാൻ രണ്ടു ദിവസം മുൻപ് ഷെഡ് പൊളിച്ച് നൽകാൻ കെഎസ്ഇബി സ്കൂൾ മാനേജ്മെൻറിനോട് ആവശ്യപ്പെട്ടിരുന്നു. അടുത്ത യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്നാണ് സ്കൂൾ മാനേജ്മെന്റ് അറിയിച്ചിരുന്നെന്നും മന്ത്രിക്ക് നൽകിയ റിപ്പോർട്ടിലുണ്ട്. കെഎസ്ഇബിയുടെയും ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൻ്റെയും റിപ്പോർട്ടുകളാണ് മന്ത്രിയ്ക്ക് സമർപ്പിച്ചത്. ചീഫ് സേഫ്റ്റി കമ്മീഷണറുടെ അന്വേഷണത്തിനുശേഷം വീഴ്ച വരുത്തിയവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി വ്യക്തമാക്കി. CPIM നിയന്ത്രണത്തിലുള്ള ജനകീയസമിതിയ്ക്കാണ് സ്കൂളിൻ്റെ നടത്തിപ്പ് ചുമതല. ആയതിനാൽ വിഷയം രാഷ്ട്രീയ ചേരിതിരിവിലേക്കും നയിച്ചേക്കും.
