
ഉപ്പള / കാസർകോട്: മംഗളൂരുവില്‍ ബുള്ളറ്റും ബൈക്കും കൂട്ടിയിടിച്ച് ഉപ്പള സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു. ഉപ്പള മണ്ണംകുഴിയിലെ നൂര്‍ മുഹമ്മദിൻ്റെയും താഹിറയുടെയും മകന്‍ മുഹമ്മദ് ഇഷാദ് (21) ആണ് മരിച്ചത്. മംഗളൂരു ശ്രീദേവി കോളേജിലെ വിദ്യാര്‍ത്ഥിയാണ് ഇഷാദ്. യുവാവിൻ്റെ അപകട മരണത്തിൽ ഉപ്പളയും പ്രദേശവും കണ്ണീരിലായി.

ബുധനാഴ്‌ച രാവിലെ കോളേജിലേക്ക് പോകുന്നവഴി മംഗളൂരുവില്‍ വെച്ച് ഇഷാദ് ഓടിച്ച ബുള്ളറ്റും എതിര്‍ദിശയില്‍ നിന്ന് വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സമീപത്തെ ഡിവൈഡറില്‍ തലയിടിക്കുകയായിരുന്നു.
മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇഷാദ് ഉച്ചയോടെയാണ് മരിച്ചത്. അമിത വേഗതയാണോ അപകട കാരണം എന്നത് വ്യക്തമായിട്ടില്ല. സംഭവത്തിൽ മംഗളുരു പോലീസ് അന്വേഷണം ആരംഭിച്ചു.
