
തിരുവനന്തപുരം: സ്‌കൂട്ടറിൽ നിന്ന് വീണ് തലയ്ക്ക് പരിക്കേറ്റ വിദ്യാർത്ഥിനി മരിച്ചു. നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജിലെ മൂന്നാം വർഷം അനലിറ്റിക്കൽ എക്കണോമിക്സ് വിദ്യാർത്ഥിനി ഗോപികാ ഉദയ് (20) ആണ് മരിച്ചത്. പാങ്ങപ്പാറ മെയ്‌ക്കോണം ഗോപികാ ഭവനിൽ ഉദയ്‌യുടെയും നിഷയുടെയും മകളാണ്. പട്ടം മരപ്പാലം ഹീര കാസിലിലാണ് താമസം. തിങ്കളാഴ്‌ച രാത്രി 7.30ഓടെ പി.എം.ജി ജംഗ്ഷനിലായിരുന്നു അപകടം.
ഗോപികയും സഹോദരി ജ്യോതികയും ജിമ്മിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സമീപത്ത് കൂടി പോയ കെഎസ്ആർടിസി. ബസിൻ്റെ ടയർ പൊട്ടി. ഈ ശബ്ദം കേട്ട് ഗോപികയ്ക്ക് സ്‌കൂട്ടറിൻ്റെ നിയന്ത്രണം നഷ്ടമായി റോഡിലേക്ക് മറിഞ്ഞു വീഴുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചാലേ അപകടത്തിൻ്റെ കാരണം കൂടതൽ വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു.
ഗോപികയുടെ തലയ്ക്കാണ് പരിക്കേറ്റത്. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സഹോദരിയുടെ പരിക്ക് ഗുരുതരമല്ല. ഗോപികയുടെ അമ്മ നിഷ കിംസ് ആശുപത്രിയിലെ ഗസ്റ്റ് ആൻഡ് പബ്ലിക് റിലേഷൻസ് ഓഫീസറാണ്.
