
കാസറഗോഡ്: കേരള നിയമസഭ തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തില്‍, വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുന്‍പുള്ള അവസാന 48 മണിക്കൂറില്‍ (Silence Period) ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കി. നിശ്ചിത സമയ പരിധിയില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യാതൊരുവിധ പ്രചാരണങ്ങളോ സര്‍വേ ഫലങ്ങളോ പ്രദര്‍ശിപ്പിക്കാന്‍ പാടുള്ളതല്ലെന്ന് എം.സി.സി നോഡല്‍ ഓഫീസറും ഡെപ്യൂട്ടി കളക്ടറുമായ കെ.വി ശ്രുതി അറിയിച്ചു.
1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 126അ പ്രകാരം, വോട്ടെടുപ്പ് ആരംഭിച്ച് എല്ലാ സ്ഥലങ്ങളിലും പോളിംഗ് അവസാനിക്കുന്നതിന് അര മണിക്കൂര്‍ മുന്‍പ് വരെ എക്‌സിറ്റ് പോളുകള്‍ നടത്തുന്നതോ അതിൻ്റെ ഫലങ്ങള്‍ അച്ചടി-ദൃശ്യ-സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നതോ ശിക്ഷാര്‍ഹമായ കുറ്റമാണ്. പോളിംഗ് അവസാനിക്കുന്നതിന് മുന്‍പുള്ള 48 മണിക്കൂര്‍ കാലയളവില്‍ ടെലിവിഷന്‍, സിനിമ, അല്ലെങ്കില്‍ മറ്റ് സമാന ഉപകരണങ്ങള്‍ വഴി തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. അഭിപ്രായ സര്‍വേകളോ (Opinion Polls) മറ്റ് പോള്‍ സര്‍വേ ഫലങ്ങളോ ഈ സമയപരിധിയില്‍ മാധ്യമങ്ങളില്‍ വരുന്നത് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. തെരഞ്ഞെടുപ്പ് നടപടികള്‍ സുതാര്യവും നിഷ്പക്ഷവുമായി പൂര്‍ത്തിയാക്കുന്നതിൻ്റെ ഭാഗമായാണ് ഈ നിയന്ത്രണങ്ങള്‍ എന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
