
ദില്ലി: ഇറാനിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. ഇറാനിലെ അയൽരാജ്യങ്ങളിലേക്ക് കരമാർഗം എത്തിച്ച് അവിടെനിന്നും ഒഴിപ്പിക്കാനാണ് നീക്കം. അർമേനിയ, തുർക്ക്‌മെനിസ്ഥാൻ അതിർത്തികൾ വഴി ഇത് സാധ്യമാകും എന്നാണ് കരുതുന്നത്. യുദ്ധം ഭീതി പടർത്തുന്ന തെഹ്റാനിൽ നിന്നും ഇന്ത്യൻ എംബസി അധികൃതർ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്തുടങ്ങിയിട്ടുണ്ട്. പൗരന്മാർ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും വീടിനുള്ളിൽ തന്നെ കഴിയണമെന്നും എംബസിയുടെ കർശന നിർദേശം നൽകിയിട്ടുണ്ട്. 9,000 ഇന്ത്യക്കാർ ഇറാനിൽ ഉണ്ട് എന്നാണ് കണക്ക്. ഭൂരിഭാഗവും ജമ്മു കശ്മീർ, യുപി എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ്. എന്നാൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ആളുകളും ഇവരിൽ ഉൾപെടും എന്നാണ് കരുതുന്നത്.
വിദ്യാഭ്യാസത്തിന് പുറമെ ജോലി, ബിസിനസ് ആവശ്യങ്ങൾക്ക് പോയവരും തീർത്ഥാടനം, ടൂർ പാക്കേജ് വഴി പോയവരും ഇറാനിൽ കുടുങ്ങി കിടക്കുന്നു എന്നാണ് അറിയാനായത്. ഇവരെയും രാജ്യത്ത് എത്തിക്കാനായി എംബസി നീക്കങ്ങൾ ആരംഭിച്ചു എന്നാണ് അറിയാനായത്. ഇറാനിലെ രണ്ട് നഗരങ്ങളിലായാണ് വിദ്യാർത്ഥികളിൽ കൂടുതൽ പേരും തങ്ങുന്നത്. തുടരെ ആക്രമണങ്ങൾ ഉണ്ടാകുന്ന തെഹ്‌റാനിലും, തലസ്ഥാനത്ത് നിന്ന് 150 കിലോമീറ്റർ അകലെയുള്ള ഖോം എന്നീ നഗരങ്ങളിലുമാണ് അധികം ആളുകളും ഉള്ളത്.യുദ്ധം തുടങ്ങിയത് മുതൽ ഇറാൻ വ്യോമ പാത അടച്ചത് പൗരന്മാരെ നാട്ടിലെത്തിക്കാൻ ബുദ്ധിമുട്ടുണ്ട്. അതിനാലാണ് കരമാർഗം അയൽരാജ്യങ്ങളിൽ എത്തിച്ച് അവിടെനിന്നും വ്യാമ പാത ഉപയോഗിക്കാൻ എംബസി ശ്രമം നടത്തുന്നത്.
അതേസമയം ഇറാനിൽ തന്നെ തുടരാൻ തീരുമാനിച്ച ചില വിദ്യാർത്ഥികൾക്കും പൗരന്മാർക്കും തുടരാനുള്ള അനുമതി നൽകി എന്നാണ് വിവരം. അവരോട് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറാൻ നിർദേശം നൽകിയിട്ടുണ്ട്. സംഘർഷ മേഖലയിലേക്ക് പോകരുത് എന്നും. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശം നൽകിയതായും എംബസി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതിനിടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദേശകാര്യമന്ത്രി ജയ്ശങ്കറും ഇറാൻ പ്രധാനമന്ത്രിയുമായും വിദേശകാര്യമന്ത്രിയുമായി സംസാരിച്ചിരുന്നുവെന്നും സർക്കാർ പ്രദേശത്തെ സംഭവവികാസങ്ങൾ നിരീക്ഷിച്ച് വരികയാണെന്നും വിദേശകാര്യ വക്താവ് രൺദീർ ജെയ്‌സ്വാൾ വ്യക്തമാക്കി.
