
ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭം നടന്നുക്കൊണ്ടിരിക്കെ സ്റ്റേറ്റ് ടെലിവിഷൻ ചാനലിലെ തത്സമയ വാർത്താ സംപ്രേക്ഷണം ഹാക്ക് ചെയ്തു ഡിജിറ്റൽ ആക്ടിവിസ്റ്റുകൾ. ചാനൽ ഹാക്ക് ചെയ്ത് ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മുഖത്ത് ക്രോസ് ചിഹ്നം വരക്കുകയും തീപിടിക്കുന്ന ചിത്രങ്ങളും ചേർത്തു.
“ഞങ്ങളുടെ യുവാക്കളുടെ രക്തം നിങ്ങളുടെ കൈകളിലാണ്,” എന്ന സന്ദേശവും എഴുതിക്കാണിച്ചു. ശനിയാഴ്ച രാത്രി ഒമ്പതിനാണ് ചാനൽ ഹാക്ക് ചെയ്തത്. 22 കാരിയായ മഹ്‌സ അമിനിയുടെ മരണത്തെ തുടർന്നാണ് ഇറാനിൽ പ്രതിഷേധം ഉയർന്നത്. ഖമേനി ഉദ്യോഗസ്ഥരെ കാണുന്നതിൻ്റെ ദൃശ്യങ്ങൾ ഹാക്ക് ചെയ്ത് തടസ്സപ്പെടുത്തി.

”ഞങ്ങൾക്കൊപ്പം ചേരൂ, എഴുന്നേൽക്കൂ”എന്ന മുദ്രാവാക്യവും ഏതാനും സെക്കൻഡുകൾ എഴുതിക്കാണിക്കുകയും മൂന്ന് സ്ത്രീകളുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളും പ്രദർശിപ്പിച്ചു. ഹിജാബ് കൃത്യമായി ധരിച്ചില്ലെന്ന് പറഞ്ഞ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടിരുന്നു. ഇസ്‌ലാമിക രാജ്യത്ത് ഡ്രസ് കോഡ് ലംഘിച്ചുവെന്നാരോപിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സെപ്റ്റംബർ 16നാണ് അമിനി കൊല്ലപ്പെട്ടത്. ഇറാനിലെ ടി.വി ചാനൽ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് തസ്നിം വാർത്താ ഏജൻസി സ്ഥിരീകരിച്ചു.
