
ഏറെ രാഷ്ട്രീയ വിവാദമായ പോലീസ് ആക്ട് ഭേദഗതി സർക്കാർ പിൻവലിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലായിരുന്നു തീരുമാനം. സർക്കാർ ഗസറ്റിൽ വിജ്ഞാപനം വന്ന് 48 മണിക്കൂർ തികയും മുൻപാണ് നിയമഭേദഗതി പിൻവലിക്കാൻ തീരുമാനിച്ചത്.
ഓർഡിനൻസ് പിൻവലിക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ ഗവർണറെ അറിയിക്കും. നിയമഭേദഗതി റദ്ദാക്കി കൊണ്ടുള്ള റിപിലീംഗ് ഓർഡർ ഉടനെ പുറത്തിറങ്ങും എന്നാണ് വിവരം. ഏതു തരം മാധ്യമങ്ങൾ വഴിയുമുള്ള ആക്ഷേപം നടത്തിയാൽ പോലീസിന് പരാതിയുടെ അടിസ്ഥാനത്തിലും സ്വന്തം നിലയിലും അധികാരം നൽകുന്നതായിരുന്നു വിവാദമായ ഈ ഓർഡിനൻസ്.

സി.പി.എമ്മിന്‍റെയും ഇടതുപക്ഷത്തിന്‍റെയും പ്രഖ്യാപിത നിലപാടിന് വിരുദ്ധമായുള്ള പോലീസ് ആക്ട് ഭേദഗതി ദേശീയതലത്തിൽ തന്നെ വിമർശിക്കപ്പെട്ടതോടെയാണ് 48 മണിക്കൂറിനകം പിൻവലിച്ചത്. നിയമഭേദഗതിക്കെതിരെ എം. എ ബേബിയടക്കമുളളവർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
