ആവേശകരം- അവിശ്വസനീയം; അവസാന പന്തില്‍ ശ്രീലങ്ക ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടു ; ഇന്ത്യക്ക് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ യോഗ്യത

  • Post category:sports
  • Reading time:1 min read
You are currently viewing ആവേശകരം- അവിശ്വസനീയം; അവസാന പന്തില്‍ ശ്രീലങ്ക ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടു ; ഇന്ത്യക്ക് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ യോഗ്യത

അവസാന പന്ത് വരെ നീണ്ട ആവേശപ്പോരാട്ടത്തില്‍ ശ്രീലങ്കയെ രണ്ട് വിക്കറ്റിന് ന്യൂസിലന്‍ഡ് പരാജയപ്പെടുത്തിയതോടെ അഹമ്മദാബാദ് ടെസ്റ്റിന്റെ ഫലം വരും മുന്‍പ് ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടി. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഇന്ത്യ ഫൈനലിലെത്തുന്നത്.

ഓസ്‌ട്രേലിയയാണ് ജൂണില്‍ ഇംഗ്ലണ്ടിലെ ഓവലില്‍ നടക്കാനിരിക്കുന്ന ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ ഒരു ടെസ്റ്റില്‍ കൂടുതല്‍ തോല്‍ക്കാതിരിക്കുകയും ശ്രീലങ്ക ന്യൂസിലന്‍ഡിനെ 2-0 ന് തോല്‍പ്പിക്കാതിരിക്കുകയും ചെയ്താല്‍ ഇന്ത്യക്ക് ഫൈനലെത്താമെന്നതായിരുന്നു പരമ്പരകള്‍ ആരംഭിക്കും മുന്‍പുള്ള സ്ഥിതി.

ബോര്‍ഗര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ 2-1 ന് മുന്നിലുള്ള ഇന്ത്യ, അഹമ്മദാബാദ് ടെസ്റ്റില്‍ സമനില നേടുമെന്ന ഉറപ്പായിരുന്നു. എന്നാല്‍ ന്യൂസിലന്‍ഡിനെതിരെ ശ്രീലങ്ക ശക്തമായ വെല്ലുവിളി ഉയര്‍ത്തിയതോടെ സമ്മര്‍ദ്ദമേറി. ശ്രീലങ്കക്കെതിരെ 285 റണ്‍സ് വിജയലക്ഷ്യവുമായി അഞ്ചാം ദിനം ബാറ്റിംഗിനിറങ്ങിയ കീവിസിനെ കെയ്ന്‍ വില്യംസണെന്ന പോരാളി ഒറ്റയ്ക്ക് ചുമലിലേറ്റുകയായിരുന്നു.

അസിത ഫെര്‍ണാണ്ടോ എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 8 റണ്‍സ്. എട്ടാമനായി മാറ്റ് ഹെന്‍ട്രി റണ്ണൗട്ടായിട്ടും അവസാന പന്ത് വരെ ക്രീസില്‍ നിന്ന് മുന്‍ ക്യാപ്റ്റന്‍ ടീമിനെ വീജയത്തിലെത്തിച്ചു. 121 റണ്‍സുമായി വില്യംസണ്‍ പട നയിച്ചപ്പോള്‍8 1 റണ്‍സെടുത്ത ഡാരില്‍ മിച്ചലും വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.

0Shares