
മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കാറിടിച്ച് മരിച്ച കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ് സര്‍വീസില്‍ തിരിച്ചെത്തി. ആരോഗ്യവകുപ്പിലാണ് പുതിയ ചുമതല നല്‍കിയിരിക്കുന്നത്. ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങളും സമൂഹത്തില്‍ വിവിധ മേഖലകളില്‍ നിന്നായി ഉയരുന്നുണ്ട്.

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചുമതലയാണ് ഡോക്ടര്‍ കൂടിയായ ശ്രീറാം വെങ്കിട്ടരാമന് നല്‍കിയിരിക്കുന്നത്. പത്രപ്രവര്‍ത്തക യൂണിയനുമായി കൂടിയാലോചിച്ചാണ് തീരുമാനമെടുത്തതെന്നാണ് സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിശദീകരണം.
കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ശ്രീറാം വെങ്കിട്ടരാമന്‍റെ സേവനം ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജില്ലാ നേതാക്കളുമായും സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു. ശ്രീറാമിന്‍റെ സസ്‌പെന്‍ഷന്‍ കാലാവധി സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നീട്ടിയിരുന്നു. ഇതിനെതിരെ ശ്രീറാം വെങ്കിട്ടരാമന്‍ സെന്‍ട്രല്‍ അഡിമിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു.
