
ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക്ക് എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. അതി ഗംഭീര മേക് ഓവറിലാണ് ചിത്രത്തിൽ ഫഹദ് ഫാസിൽ എത്തിയിരിക്കുന്നത്.
ചിത്രത്തിന്‍റെ മേക്കിങ് കയ്യടി നേടുമ്പോൾ ചിത്രം ബീമാപ്പള്ളി സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും സംഭവത്തെ അവതരിപ്പിച്ചിരിക്കുന്നതില്‍ പാളിച്ചകള്‍ വന്നിട്ടുണ്ടെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ അണിയറ പ്രവർത്തകരെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്തെത്തിയിരിക്കുകയാണ്. സിനിമ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയമാണ് ശ്രീജിത്ത് പണിക്കർ ചോദ്യം ചെയ്യുന്നത്.

മാലിക് ഇഷ്ടപ്പെട്ടു. നല്ല പ്രമേയം. മികച്ച പശ്ചാത്തലം. ഫഹദിന്‍റെ സ്വാഭാവികതയെക്കാൾ മുകളിൽ നിന്നത് ലീഡ് നടിയുടെ അചഞ്ചലമായ ഭാവാഭിനയം. എല്ലാത്തിനും മുകളിൽ ചരിത്രത്തോട് അങ്ങേയറ്റത്തെ നീതിബോധം. സിനിമയുടെ അണിയറ പ്രവർത്തകരെ പരിചയമുണ്ടെങ്കിൽ എനിക്ക് നമ്പർ മെസേജ് ചെയ്യുക.
NB: വീടാകെ മോശമായി. ഒന്ന് വൈറ്റ്‌വാഷ് ചെയ്യണം. നന്നായി വെളുപ്പിക്കാൻ അറിയുന്നവരുടെ നമ്പർ ഉണ്ടെങ്കിൽ അതും മെസേജ് ചെയ്യുക. രണ്ടുംകൂടി ഒന്നിച്ച് അയച്ചാൽ മതി.’
