
കാസർകോട്: കേരളത്തിലേക്ക് സ്‌പിരിറ്റും കുഴൽപണവും ഒഴുകുന്നു. മഞ്ചേശ്വരത്ത് വൻ സ്‌പിരിറ്റ് വേട്ട നടത്തി പോലീസ്. പുലർച്ചെ സ്കോർപ്പിയോ കാറിൽ കടത്തുകയായിരുന്ന 1000 ലിറ്റർ സ്‌പിരറ്റാണ് പിടികൂടിയത്. സംഭവത്തിൽ പ്രതിയായ കുഞ്ചത്തൂർ സ്വദേശി രവി കിരണിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്‌തു. കാസർകോട് ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കാസർകോട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ മഞ്ചേശ്വരം പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്.

അതിനിടെ മഞ്ചേശ്വരത്ത് അരലക്ഷത്തോളം കുഴൽപണവും പിടികൂടി. കർണാടക ആർ.ടി.സി ബസിൽ നിന്നുമാണ് രേഖകളില്ലാതെ കടത്തുകയായിരുന്ന 36.47 ലക്ഷം രൂപ പിടികൂടിയത്.
മംഗളൂരുവിൽ നിന്നും കാസർകോടേക്ക് പോകുന്ന ബസ്സിൽ നിന്നും വെള്ളിയാഴ്‌ച രാവിലെ ആറരയോടെയാണ് മഞ്ചേശ്വരം എക്‌സൈസ് ചെക്ക്പോസ്റ്‌റിലെ വാഹന പരിശോധനയിൽ പണം പിടിച്ചത്. സംഭവത്തിൽ മഹാരാഷ്ട്ര സാംഗ്ലിയിലെ അഭിജിത് ഗോപാൽ ചോപഡെയെ അറസ്റ്റ് ചെയ്‌തു.

കാസർകോട്ടെ ജ്വല്ലറിയിൽ നൽകാനാണ് പണം കൊണ്ടുപോകുന്നത് എന്നാണ് ഇയാൾ മൊഴിനൽകിയത്. എക്‌സൈസ് ഇൻസ്പെക്‌ടർ ടി.കെ സജിത്തിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കുഴൽപ്പണം പിടികൂടിയത്. അസി.എക്‌സൈസ് ഇൻസ്പെക്‌ടർ ജെ.ജോസഫ്, പ്രിവന്റീവ് ഓഫീസർമാരായ കെ.പീതാംബരൻ, ടി.ജയരാജൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജോൺസൺ പോൾ, സജിത്കുമാർ, ഷമീൽ, മഹേഷ് എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
