
പട്ടിയെ വളർത്തുക എന്നത് ചെലവേറിയ കാര്യമാണ്. സമയത്ത് ഭക്ഷണം കൊടുക്കണം, വാക്സിനേഷൻ നൽകണം അങ്ങനെ കുറച്ചു പണച്ചെലവുള്ള കാര്യം തന്നെയാണതെന്ന് സമ്മതിക്കാതെ വയ്യ. ഇപ്പോൾ പട്ടിയെ വളർത്താൻ ഒരു യുവാവിന് ലക്ഷം രൂപ ആയ വാർത്തയാണ് വൈറൽ ആവുന്നത്.പട്ടിയുടെ പല്ല് വൃത്തിയാക്കാൻ ആണ് യുവാവിന് അഞ്ചുലക്ഷം രൂപ ചെലവഴിക്കേണ്ടി വന്നത്.
12 വയസുള്ള പട്ടിയുടെ പല്ല് വൃത്തിയാക്കാനാണ് യുവാവ് മൃഗഡോക്ടറുടെ അടുത്തെത്തിയത്. ഡോക്ടറും സംഘവും പട്ടിയെ മയക്കിക്കിടത്തി പല്ല് വൃത്തിയാക്കുന്ന ജോലി തുടങ്ങി. എന്നാൽ പെട്ടെന്നാണ് അതിൻ്റെ നിറം മങ്ങിയത് ശ്രദ്ധയിൽ പെട്ടത്. അതോടെ പല്ല് വൃത്തിയാക്കുന്നത് പരിപാടിയും നിർത്തി. അതിനുശേഷം ആരോഗ്യവാനാണോ എന്നറിയാൻ കുറെ പരിശോധനകളും നടത്തി.

കാർഡിയാക്, രക്ത പരിശോധനകളിൽ കുഴപ്പമൊന്നും കണ്ടെത്താനായില്ല. തുടർന്ന് പല്ല് വൃത്തിയാക്കാനായി സമീപത്തെ ഏതെങ്കിലും മൃഗാശുപത്രിയിലേക്ക് പട്ടിയെ കൊണ്ടുപോകാൻ നിർദേശം നൽകി. ഇത്തവണ പരിശോധനയുടെ ഭാഗമായി കുറെ പല്ലുകൾ പറിച്ചു. വായ്ക്കകത്തു കണ്ട മാംസഭാഗം നീക്കം ചെയ്ത് അർബുദമാണോ എന്ന് പരിശോധിക്കാനും അയച്ചു.
ഇതിനെല്ലാം മുമ്പ് പട്ടിയുടെ വായയുടെ എക്സ് റേയും എടുത്തിരുന്നു. എല്ലാം കൂടി കഴിഞ്ഞപ്പോൾ അഞ്ചു ലക്ഷം രൂപ യുവാവിൻ്റെ പോക്കറ്റിൽ നിന്നുപോയി. ഈ വാർത്ത വായിച്ച് അന്തംവിട്ടിരിക്കയാണ് നെറ്റിസൺസ്. യുവാവിന്റെ അഭ്യർഥന മാനിച്ച് പേരുവിവരങ്ങൾ മാധ്യമങ്ങൾ നൽകിയിട്ടില്ല.
