
ഇന്ത്യയെ വിഭജിക്കുന്നതിൽ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു വഹിച്ച പങ്കിനെക്കുറിച്ചുള്ള ബി.ജെ.പിയുടെ ആരോപണങ്ങൾക്കു മറുപടിയുമായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാഷ്ട്രീയ നേട്ടങ്ങൾക്കായി സ്വാതന്ത്ര്യ സമരത്തിലെ ഇതിഹാസങ്ങളുടെ സംഭാവനകളെ കുറച്ചുകാണിച്ച് ചരിത്രത്തെ വളച്ചൊടിക്കുന്നതിനെ ശക്തമായി എതിർക്കുമെന്നു സോണിയ പറഞ്ഞു.
ഇന്ത്യയുടെ വിഭജനത്തെക്കുറിച്ചു ബി.ജെ.പിയുടെ സമൂഹമാധ്യമ പേജുകളിൽ പങ്കുവച്ച വിഡിയോകളെ ലക്ഷ്യമിട്ടായിരുന്നു സോണിയയുടെ പ്രസ്താവന. ‘വിഘടന ശക്തികൾക്കെതിരെ പോരാടാൻ ഉത്തരവാദിത്തമുള്ളവർ എവിടെയായിരുന്നു?’ എന്ന തലക്കെട്ടിലായിരുന്നു നെഹ്‌റുവിൻ്റെ പങ്കിനെ ചോദ്യം ചെയ്തു കൊണ്ടുള്ള ബി.ജെ.പി വിഡിയോ.
സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെയും കഴിഞ്ഞ 75 വർഷമായി രാജ്യം കൈവരിച്ച മഹത്തായ നേട്ടങ്ങളെയും നിസ്സാരവൽക്കരിക്കാനുള്ള ഇപ്പോഴത്തെ സ്വാര്‍ഥസർക്കാരിൻ്റെ ശ്രമങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നൽകിയ സന്ദേശത്തിൽ സോണിയ വ്യക്തമാക്കി.

‘രാഷ്ട്രീയ നേട്ടങ്ങൾക്കായി ചരിത്രപരമായ വസ്തുതകൾ തെറ്റായി ചിത്രീകരിക്കുന്നതിനെ കോൺഗ്രസ് ശക്തമായി എതിർക്കുന്നു. മഹാത്മാ ഗാന്ധി, ജവാഹർലാൽ നെഹ്‌റു, സർദാർ വല്ലഭ്ഭായ് പട്ടേൽ, മൗലാന ആസാദ് തുടങ്ങിയ മഹാന്മാരായ ദേശീയ നേതാക്കളെ നുണകളുടെ അടിസ്ഥാനത്തിൽ പ്രതിക്കൂട്ടിൽ നിർത്തുകയാണ്.’– സോണിയ ആരോപിച്ചു.
