
മദ്യലഹരിയില്‍ രോഗിയായ അച്ഛന്‍റെ വാരിയെല്ല് ചവിട്ടിയൊടിച്ച സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. ഗുരുതരമായി പരിക്കേറ്റ ശാന്തിപുരം റൈട്ടണ്‍പറമ്പ് ചക്കുങ്കല്‍ ജോണ്‍ തോമസ് (67) ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മകന്‍ ജോസി ജോണി (38)നെ കറുകച്ചാല്‍ പോലീസ് അറസ്റ്റുചെയ്തു. ഞായറാഴ്ച രാവിലെ 11.30-ഓടെ മദ്യപിച്ചെത്തിയ ജോസി അച്ഛനെ കട്ടിലിൽ നിന്ന് വലിച്ച് നിലത്തിട്ട ശേഷം വയറിൽ ചവിട്ടുകയായിരുന്നു.

സംഭവം കണ്ട് ഓടിയെത്തിയ അമ്മ അന്നമ്മയെയും ഇയാൾ മർദിച്ചു. ശേഷം വീട്ടില്‍ നിന്ന് ജോസി ഇറങ്ങിപ്പോയി. അയല്‍വാസികളുടെ സഹായത്തോടെ അന്നമ്മ ജോണിനെ ചെത്തിപ്പുഴയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചു. ആറ് വാരിയെല്ലുകള്‍ ഒടിഞ്ഞ് ജോണിന്‍റെ ആന്തരിക അവയവങ്ങളില്‍ തറച്ചു.
രക്തസ്രാവത്തെത്തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയകള്‍ നടത്തി.
തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ജോണിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഒളിവിൽപോയ ജോസിയെ കറുകച്ചാൽ പോലീസ് ബുധനാഴ്ച ശാന്തിപുരത്തു നിന്ന് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
