
ബേഡകം/കാസർകോട്: മകന്‍റെ അടിയേറ്റ് കയ്യൊടിഞ്ഞു ചികിത്സയിലായിരുന്ന പിതാവ് ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. കുറ്റിക്കോൽ പടുപ്പ് വില്ലാരംവയലിലെ ലക്ഷ്മണ 69 ആണ് മരണപ്പെട്ടത്. മകൻ അടിച്ച് കൈയ്യൊടിച്ച സംഭവത്തിൽ ബേഡകം പോലീസ് നരഹത്യാ ശ്രമത്തിന് കേസ് എടുത്തിരുന്നു.
പ്രതിയായ മകൻ ജെ.സി.ബി സന്തോഷ് എന്ന സന്തോഷ് വി.എ, (36), വില്ലാരംവയൽ, ബന്തടുക്ക എന്നയാളെ ഒളിവിൽ കഴിയവെ മാണിമൂലയിൽ വെച്ച് ബേഡകം പോലീസ് ഇൻസ്പെക്ടർ ടി.ഉത്തംദാസിന്‍റെ നേതൃത്ത്വത്തിൽ എസ്.ഐ രാമചന്ദ്രൻ, പോലീസുകാരായ പ്രദീപ് കുമാർ, രാമചന്ദ്രൻ നായർ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
മണ്ണുമാന്തി യന്ത്രത്തിന്‍റെ ഡ്രൈവറായ പ്രതി സന്തോഷ് വിവാഹശേഷം, സ്വത്ത് സംബന്ധമായ തർക്കത്തെ തുടർന്ന് വീട്ടുകാരുമായി വഴക്കിട്ട് മാറി താമസിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച സന്തോഷ് ഭാര്യ ആശയോടൊപ്പം വില്ലാരം വയലിലെ വീട്ടിലെത്തിയാണ് മദ്യലഹരിയിൽ വടികൊണ്ട് പിതാവിനെ തല്ലി കൈയ്യൊടിച്ചത്.

കൈക്ക് ഗുരുതരമായി പരിക്കു പറ്റി കർണാടക സുള്ള്യയിലെ കെ.വി.ജി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന പിതാവ് ലക്ഷ്മണൻ, കൂടെയുണ്ടായിരുന്ന മരുമകൻ നാരായണൻ രാത്രി ഭക്ഷണം വാങ്ങാൻ പുറത്തു പോയപ്പോൾ ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
പ്രതി സന്തോഷിന്‍റെ ഭാര്യയെയും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺമക്കളെയും ബേഡകം പോലീസ് പടന്നക്കാട് സ്നേഹാലയത്തിൽ എത്തിച്ചു.
