കൊവിഡ് വാക്‌സീനുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള ചില സംശയങ്ങളും മറുപടിയും

  • Post category:health / news
  • Reading time:2 mins read
You are currently viewing കൊവിഡ് വാക്‌സീനുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള ചില സംശയങ്ങളും മറുപടിയും

വാക്‌സീൻ ആദ്യഡോസ് കുത്തിവയ്പ് എടുത്തവർക്ക് രണ്ടാം ഡോസ് കിട്ടാത്ത സ്ഥിതി വരുമോ?
ഇല്ല. ആദ്യ ഡോസ് എടുത്തവർക്ക് രണ്ടാം ഡോസ് വാക്‌സീനും ലഭ്യമാവണമെന്ന് ഉറപ്പിച്ചതു കൊണ്ടാണ് ആകെ എത്തിയ ഡോസിന്‍റെ പകുതി എണ്ണം ആളുകൾക്ക് മാത്രം ആദ്യഘട്ടത്തിൽ വാക്‌സീൻ നൽകുന്നത്. വാക്‌സീൻ പുതിയ സ്റ്റോക്ക് എത്തിയില്ലെങ്കിലും ഇപ്പോൾ എത്തിയതിൽ നിന്നു തന്നെ രണ്ടാം ഡോസ് നൽകാൻ കഴിയും.

എത്ര മണി മുതൽ എത്ര മണി വരെയാണു കുത്തിവയ്പ്?
ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണു കുത്തിവയ്പ്

പൊതുജനങ്ങൾക്ക് വാക്‌സീൻ ലഭ്യമാവാൻ അവർ എവിടെയെങ്കിലും റജിസ്റ്റർ ചെയ്യേണ്ടതുണ്ടോ?
മൂന്നാം ഘട്ടത്തിലാണു പൊതുജനങ്ങൾക്ക് വാക്‌സീൻ ലഭ്യമാവുക. അത് എപ്പോൾ, എങ്ങനെ എന്നൊന്നും ഇപ്പോൾ തീരുമാനമായിട്ടില്ല. നിലവിൽ പൊതുജനങ്ങൾ എവിടെയും റജിസ്റ്റർ ചെയ്യേണ്ടതില്ല.

കുത്തിവയ്പ് എടുത്തവരും മാസ്‌ക് ധരിക്കേണ്ടി വരുമോ?
വേണം. നിലവിൽ സ്വീകരിക്കുന്ന പ്രതിരോധ മാർഗങ്ങൾ എല്ലാം വാക്‌സീൻ സ്വീകരിച്ചവരും തുടരണം.

റജിസ്റ്റർ ചെയ്ത ആളുകൾ കുത്തിവയ്പിന് എത്തിയില്ലെങ്കിൽ എന്തു ചെയ്യും?
അര മില്ലി ലീറ്റർ ആണ് ഒരു ഡോസ്. 10 പേർക്കു വേണ്ടിയാണ് ഒരു ബോട്ടിൽ തുറക്കുക. അതായത്, 5 മില്ലി ലീറ്റർ ആണ് ഒരു ബോട്ടിലിൽ ഉണ്ടാവുക. ദിവസത്തെ അവസാനത്തെ ബോട്ടിൽ തുറക്കുമ്പോൾ 7 പേർ എങ്കിലും ഉണ്ടാവണം. 7 പേരേ ഉള്ളൂവെങ്കിൽ 3 പേർക്കുള്ള ഡോസ് ഉപയോഗശൂന്യമാവും. പക്ഷേ, കാത്തിരിക്കുന്നവരെ മടക്കുന്നത് ഒഴിവാക്കാനാണ് 7 പേരെങ്കിലും ഉണ്ടെങ്കിൽ മാത്രം ബോട്ടിൽ തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. വില കൂടിയ വാക്‌സീൻ ആയതിനാൽ പരമാവധി ഉപയോഗപ്രദമാക്കാനാണു ശ്രമം.

രണ്ടാം ഡോസിന് എത്ര ഇടവേള വേണം?
4 മുതൽ 12 ആഴ്ച വരെ ഇടവേളയാവാം. പക്ഷേ, കേരളത്തിൽ 4 ആഴ്ചത്തെ ഇടവേള കൊണ്ടു തന്നെ രണ്ടാം ഡോസ് വിതരണം നടത്താനാവും.

ഒരാൾക്ക് കുത്തിവയ്പ് എടുക്കാൻ എത്ര സമയം?
4-5 മിനിറ്റ് വരെ സമയമാണു പ്രതീക്ഷിക്കുന്നത്. ഒരു മണിക്കൂറിൽ 15 പേർക്കു കുത്തിവയ്പ് എടുക്കാനാവുമെന്നു കരുതുന്നു. ദിവസം 100 പേർക്കാണ് ആദ്യഘട്ടത്തിൽ ഓരോ കേന്ദ്രത്തിലും കുത്തിവയ്പ് എടുക്കുക.

പൊതുജനങ്ങൾക്ക് വാക്‌സീൻ എടുത്തു തുടങ്ങുന്നതിന് ആരോഗ്യ വകുപ്പ് സജ്ജമാണോ?
ആണ്. ആ ഘട്ടത്തിൽ വാക്‌സീൻ വിതരണ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടും. അതിനുള്ള കേന്ദ്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അത്രയും കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്തുമ്പോൾ ആദ്യഘട്ടത്തിലെ അതേ വേഗത്തിൽ തന്നെ കുത്തിവയ്പ് എടുക്കാനാവും എന്നു പ്രതീക്ഷിക്കാം. ആ ഘട്ടമെത്തുമ്പോഴേക്കും ആളുകൾ വാക്‌സീൻ സംബന്ധിച്ച് ബോധവൽക്കരണം നേടിയിട്ടുണ്ടാവും എന്നും കരുതാം.

പ്രായപൂർത്തിയാകാത്തവർക്ക് വാക്‌സീൻ നൽകുമോ?
ഇല്ല. നിലവിലുള്ള സാഹചര്യത്തിൽ 18 വയസ്സിനു താഴെയുള്ളവർക്ക് വാക്‌സീൻ നൽകുന്ന കാര്യം പരിഗണനയിലില്ല.

0Shares