
രാജ്യത്തെ മതനിരപേക്ഷത തകർക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന പ്രവണതയാണ് കാണുന്നത്. രാജ്യത്ത് ഒരു വിഭാഗം ജനങ്ങൾക്ക് അരക്ഷിതാവസ്ഥയാണെന്നും രണ്ടാം പിണറായി സർക്കാരിൻ്റെ ഒന്നാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ സർക്കാരിന്‍റെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കേന്ദ്രസർക്കാരിനെ വിമർശിച്ചും സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളെണ്ണി പറഞ്ഞുമായിരുന്നു മുഖ്യമന്ത്രി സംസാരിച്ചത്. മതാടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുന്ന നടപടി ജനാധിപത്യ രാജ്യത്തിനു ചേരാത്ത നടപടിയാണ്. ഭരണഘടനയ്ക്ക് വിരുദ്ധമായി പൗരത്വം നിശ്ചയിക്കാൻ ആർക്കും അവകാശമില്ല. രാജ്യത്ത് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള സർവ്വേ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് വർഗീയ കലാപം നടത്താൻ ശ്രമം നടക്കുന്നുവെന്ന സർവേകൾ നടന്നു കൊണ്ടിരിക്കുന്നതായി റിപ്പോർട്ട് ഉണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിസന്ധിഘട്ടത്തിൽ കൂടെ നിൽക്കേണ്ടവർ പുറംതിരിഞ്ഞു നിൽക്കുകയാണ്. കേരളത്തിൻ്റെ തകർച്ചയാണ് ചിലരുടെ ലക്ഷ്യം. കെ റെയിലിനെതിരായ പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം കണക്കിലെടുത്തായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. കേരളവും സർവ്വേ നടത്തുന്നുണ്ട് എന്നാലത് ജനങ്ങളെ ഭിന്നിപ്പിക്കാനല്ല. ദരിദ്രരായ കുടുംബങ്ങൾ ഏതൊക്കെയാണെന്ന് കണ്ടെത്താനാണ്.
ഇത്തരം കുടുംബങ്ങളെ കണ്ടെത്തി മുഖ്യധാരയിലേക്ക് ഉയർത്തികൊണ്ടുവരും. വലത് പക്ഷത്തിന് കൃത്യമായ ബദൽ ഉണ്ടെന്ന് കേരളത്തിന് തെളിയിക്കാനായി. കേന്ദ്രത്തെ അനുകരിക്കാനാണ് മറ്റ് സംസ്ഥാനങ്ങൾ ശ്രമിക്കുന്നത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായ നടപടിയാണ് കേരളം സ്വീകരിച്ചത്. എന്നും മുഖ്യമന്ത്രി പറഞ്ഞു.
