
കാസർകോട്: കൊല്ലപ്പെട്ട പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്നു ശരത് ലാലിൻ്റെ സഹോദരി അമൃതയുടെ വിവാഹനിശ്ചയം കഴിഞ്ഞു. കോൺഗ്രസ് നേതാക്കളടക്കമുള്ള പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. കാസർകോട് ബന്തടുക്ക സ്വദേശി മുകേഷ് കുമാർ ആണ് വരൻ.
കഴിഞ്ഞ ദിവസം ശരത് ലാലിൻ്റെ സ്‌മൃതി കുടീരത്തിലെത്തി പ്രാർത്ഥിച്ച ശേഷമാണ് നിശ്ചയ സ്ഥലത്തേക്ക് അമൃത എത്തിയത്. തൻ്റെയും പ്രതിശ്രുത വരൻ്റെയും തൊട്ട് അടുക്കൽ തന്നെ ശരത് ലാലിൻ്റെ ചിത്രവും ആ ചടങ്ങ് നടന്ന വേദിയിൽ ഉണ്ടായിരുന്നു.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എം.എൽ.എ, രാജ് മോഹൻ ഉണ്ണിത്താൻ എം.പി, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ, കെ.പി.സി.സി അംഗം ഹക്കീം കുന്നിൽ, റിട്ട. ഐ.എ.എസ് ഓഫീസർ എം.പി ജോസഫ്, ഡി.സി.സി ജനറൽ സെക്രട്ടറി ധന്യാ സുരേഷ് പുല്ലുർ, പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അരവിന്ദാക്ഷൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോമോൻ ജോസ്, ജില്ലാ പ്രസിഡണ്ട് ബി.പി പ്രദീപ് കുമാർ, രാജൻ പെരിയ, ഉൾപ്പെടെയുള്ള നേതാക്കൾ സന്നിഹിതരായി. ഇരുവരുടെയും കുടുംബങ്ങളും കോൺഗ്രസ് യൂത്ത്- കോൺഗ്രസ് നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
