പെണ്‍കുട്ടികളെ കൊന്നത് ബലാത്സംഗം ചെയ്തശേഷം; വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധിച്ചത് പ്രകോപനം; ആറുപേര്‍ അറസ്റ്റില്‍

  • Post category:national / news
  • Reading time:1 min read
You are currently viewing പെണ്‍കുട്ടികളെ കൊന്നത് ബലാത്സംഗം ചെയ്തശേഷം; വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധിച്ചത് പ്രകോപനം; ആറുപേര്‍ അറസ്റ്റില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടികളെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തുക ആയിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് സഞ്ജീവ് സുമന്‍ പറഞ്ഞു. കേസില്‍ ആറു പ്രതികളെയും അറസ്റ്റ് ചെയ്തതായും അദ്ദേഹം അറിയിച്ചു.

ഛോട്ടു, ജുനൈദ്, സൊഹൈല്‍, ഹഫീസ്, ആരിഫ്, കരീമുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടികളുടെ അയല്‍വാസികളായ ഛോട്ടുവാണ് സുഹൃത്തുക്കളായ ജുനൈദ്, സൊഹൈല്‍, ഹഫീസുള്‍ എന്നിവരെ പെണ്‍കുട്ടികള്‍ക്ക് പരിചയപ്പെടുത്തിയത്. സൗഹൃദം പുലര്‍ത്തി ഇവര്‍ മൂന്നുപേരും ചേര്‍ന്ന് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തു.

ഇതിനുശേഷം പെണ്‍കുട്ടികള്‍ തങ്ങളെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടതോടെ, പ്രതികള്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുക ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഛോട്ടു ഈ സമയത്ത് സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ല. കൊലപാതകത്തിന് ശേഷം തെളിവ്‌ നശിപ്പിക്കാനും സ്വാഭാവിക മരണമാക്കി തീര്‍ക്കാനുമായി സമീപ ഗ്രാമവാസികളും സുഹൃത്തുക്കളുമായ ആരിഫ്, കരീമുദ്ദീന്‍ എന്നിവരെ പ്രതികള്‍ വിളിച്ചു വരുത്തുകയുമായിരുന്നു.

തുടര്‍ന്ന് പ്രതികള്‍ പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കരിമ്പിന്‍ പാടത്തിന് സമീപത്തെ മരക്കൊമ്പിൽ കെട്ടിത്തൂക്കി ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കുകയായിരുന്നുവെന്ന് എസ്.പി സഞ്ജീവ് സുമന്‍ പറഞ്ഞു. കേസിലെ പ്രതിയായ ജുനൈദിനെ ഏറ്റുമുട്ടലിന് ഒടുവില്‍ കാലില്‍ വെടിവെച്ചു വീഴ്ത്തിയാണ് പൊലീസ് പിടികൂടിയത്.

പ്രതികള്‍ക്കെതിരെ കൊലപാതകം, ബലാത്സംഗം, പോക്‌സോ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടം മൂന്നു ഡോക്ടര്‍മാരടങ്ങിയ സംഘമാണ് നടത്തിയത്.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വീഡിയോയില്‍ ചിത്രീകരിച്ചിട്ടുണ്ട്. പെണ്‍കുട്ടികളുടെ കുടുംബത്തിൻ്റെ ആവശ്യങ്ങള്‍ പരിഗണിച്ചും, അവരെ ബോധ്യപ്പെടുത്തിയുമാണ് നടപടികളെന്നും എസ്.പി സഞ്ജീവ് സുമന്‍ വ്യക്തമാക്കി.

ബുധനാഴ്‌ച ഉച്ചയ്ക്ക് ശേഷമാണ് ലഖിംപൂര്‍ ഖേരിയില്‍ രണ്ടു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. ദളിത് വിഭാഗത്തില്‍പ്പെട്ട പതിനഞ്ചും പതിനേഴും വയസ്സുള്ള പെണ്‍കുട്ടികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗ്രാമത്തിന് പുറത്തുള്ള കരിമ്പിന്‍ തോട്ടത്തിലെ മരത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കൊന്നശേഷം കെട്ടിത്തൂക്കിയത് ആണെന്ന് കുടുംബം ആരോപിച്ചിരുന്നു.

0Shares