
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2022 ഓഗസ്റ്റ് 26 മുതല്‍ 31 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി സംഘടിപ്പിക്കുന്ന രാജ്യാന്തര ഡോക്യുമെന്‍ററി ഹ്രസ്വചിത്രമേളയുടെ (IDSFFK) ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 26ന് വൈകിട്ട് ആറുമണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍റെ അധ്യക്ഷതയില്‍ കൈരളി തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ ഡോക്യുമെന്‍ററി സംവിധായികയും എഡിറ്ററുമായ റീന മോഹന് ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം മുഖ്യമന്ത്രി സമ്മാനിക്കും.
മരിയുപോളിസ് 2
ചടങ്ങിനുശേഷം ഉദ്ഘാടന ചിത്രമായ മരിയുപോളിസ് 2 പ്രദര്‍ശിപ്പിക്കും. ഉക്രൈന്‍ യുദ്ധത്തിൻ്റെ സംഘര്‍ഷഭരിതമായ കാഴ്ചകള്‍ പകര്‍ത്തുന്ന ഈ ചിത്രം ലിത്വാനിയ, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ്. സംവിധായകനായ മന്‍താസ് ക്വൊരാവിഷ്യസ് ഈ സിനിമയുടെ ചിത്രീകരണത്തിനിടെ യുദ്ധത്തില്‍ കൊല്ലപ്പെട്ടിരുന്നു.

മരിയുപോള്‍ എന്ന യുദ്ധകലുഷിതമായ ഉക്രൈന്‍ നഗരത്തിലെ ജനജീവിതത്തിൻ്റെ ദുരിതവും സഹനങ്ങളും വരച്ചുകാട്ടുന്ന ചിത്രത്തിന് 112 മിനിറ്റ് ദൈര്‍ഘ്യമുണ്ട്.
മുഖ്യ ആകര്‍ഷണങ്ങള്‍
44 രാജ്യങ്ങളില്‍ നിന്നുള്ള 261 സിനിമകളാണ് ആറു ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. 1200ല്‍പ്പരം പ്രതിനിധികളും ചലച്ചിത്ര പ്രവര്‍ത്തകരായ 250ഓളം അതിഥികളും മേളയില്‍ പങ്കെടുക്കും.ലോങ് ഡോക്യുമെന്‍ററി, ഷോര്‍ട്ട് ഡോക്യുമെന്‍ററി, ഷോര്‍ട്ട് ഫിക്ഷന്‍, കാമ്പസ് ഫിലിംസ് എന്നിവയാണ് മേളയിലെ മല്‍സര വിഭാഗങ്ങള്‍. മല്‍സര വിഭാഗത്തില്‍ ആകെ 69 ചിത്രങ്ങള്‍
മല്‍സരേതര വിഭാഗത്തില്‍ മലയാളത്തില്‍ നിന്നും ഇതര ഭാഷകളില്‍ നിന്നുമുള്ള ഡോക്യുമെന്‍ററികളും ഹ്രസ്വചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വിഭാഗത്തില്‍ വിവിധ ലോക രാഷ്ട്രങ്ങളില്‍ നിന്നുള്ള 56 ഡോക്യുമെന്‍ററികളും ഹ്രസ്വചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ബെസ്റ്റ് ഓഫ് ദ വേള്‍ഡ് എന്ന വിഭാഗത്തില്‍ വിവിധ അന്താരാഷ്ട്ര മേളകളില്‍ അംഗീകാരങ്ങള്‍ നേടിയ 19 സിനിമകള്‍.
പുറമെ അനിമേഷന്‍, മ്യൂസിക് വീഡിയോ എന്നീ വിഭാഗങ്ങളിലുള്ള ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.
ഐ ഫോണ്‍ ഉപയോഗിച്ച് ഇന്ത്യന്‍ വനിതാ സംവിധായകര്‍ ചിത്രീകരിച്ച സിനിമകളുടെ പാക്കേജ് ആയ ഐടെയ്ല്‍സ് മറ്റൊരു ആകര്‍ഷണമാണ്. മൊഹ്സിന്‍ മക്മല്‍ബഫിന്‍റെ മാര്‍ഗ നിര്‍ദേശത്തില്‍ പൂര്‍ത്തിയാക്കിയ പദ്ധതിയുടെ ഭാഗമായുള്ള ഈ ചിത്രങ്ങള്‍ എ.ആര്‍. റഹ്മാനാണ് അവതരിപ്പിച്ചിരിക്കുന്നത്. ആര്‍.പി അമുദന്‍ ക്യുറേറ്റ് ചെയ്ത ഭരണഘടനാ മൂല്യങ്ങള്‍ക്കെതിരായ വര്‍ഗീയ ആക്രമണങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന Endangered but Resilient എന്ന പാക്കേജ്, ഫെര്‍ണാണ്ടോ സൊളാനസിന്‍റെ അവസാന ചിത്രം, താര്‍ക്കോവ്സ്കിയെ കുറിച്ച് മകന്‍ സംവിധാനം ചെയ്ത ഡോക്യുമെന്‍ററി എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജൂറി
നോണ്‍ ഫിക്ഷന്‍ വിഭാഗത്തിലെ ജൂറി ചെയര്‍പേഴ്‌സണ്‍ ഡോക്യുമെന്‍ററി സംവിധായിക അഞ്ജലി മൊണ്ടേറിയോ ആണ്.

ചലച്ചിത്ര പ്രവര്‍ത്തകരായ നിലിത വചാനി, അവിജിത് മുകുള്‍ കിഷോര്‍ എന്നിവര്‍ അംഗങ്ങളുമാണ്. ഫിക്ഷന്‍ വിഭാഗത്തില്‍ ഹന്‍സ തപ്ളിയല്‍ ജൂറി ചെയര്‍പേഴ്‌സണും എഡിറ്റര്‍ ദീപിക കല്‍റ, സംവിധായകന്‍ കമല്‍ കെ.എം എന്നിവര്‍ അംഗങ്ങളുമാണ്.
സമ്മാനത്തുക
മികച്ച ലോങ് ഡോക്യുമെന്‍ററിക്ക് രണ്ടുലക്ഷം രൂപയും ഷോര്‍ട്ട് ഡോക്യുമെന്‍ററിക്ക് ഒരു ലക്ഷം രൂപയുമാണ് സമ്മാനത്തുക. മികച്ച ഹ്രസ്വചിത്രത്തിന് രണ്ടു ലക്ഷം രൂപ ലഭിക്കും. കേരളത്തില്‍ നിര്‍മ്മിച്ച മികച്ച ക്യാമ്പസ് ചിത്രത്തിന് 50,000 രൂപയാണ് പുരസ്കാരത്തുക.
കലാപരിപാടികള്‍
മേളയുടെ ഭാഗമായി കൈരളി തിയേറ്റര്‍ പരിസരത്ത് വൈകിട്ട് 6.30ന് വിവിധ കലാപരിപാടികള്‍ സംഘടിപ്പിക്കും. ആഗസ്റ്റ് 27ന് ജനപ്രിയ ഗാനങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള അലോഷി പാടുന്നു, 28ന് ആല്‍മരം മ്യൂസിക് ബാന്‍ഡിൻ്റെ സംഗീത പരിപാടി, 29ന് ബാസ്റ്റിന്‍ ജോണിൻ്റെ മെഹ്ഫില്‍, 30ന് സന്തോഷ് കീഴാറ്റൂരിൻ്റെ ഏകപാത്ര നാടകമായ ‘പെണ്‍നടന്‍’ എന്നിവയാണ് അവതരിപ്പിക്കുന്നത്.
ഉദ്ഘാടന ചടങ്ങ്
പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജുവിന് നല്‍കിക്കൊണ്ട് ഫെസ്റ്റിവല്‍ ബുക്കിന്‍റെ പ്രകാശന കര്‍മ്മം നിര്‍വഹിക്കും. ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ മേയര്‍ ആര്യാ രാജേന്ദ്രന് നല്‍കിക്കൊണ്ട് ഫെസ്റ്റിവല്‍ ബുള്ളറ്റിനിൻ്റെ പ്രകാശനം നിര്‍വഹിക്കും. സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ്, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി.എന്‍.കരുണ്‍, സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, വൈസ്. ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ് തുടങ്ങിയവര്‍ ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കും.
