
പെൺമക്കൾക്ക് പൂർണ സ്വത്തവകാശം കിട്ടണമെന്ന നിലപാടിൻ്റെ ഭാഗമായി സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതനായ അഭിഭാഷകനും സിനിമാ താരവുമായ അഡ്വ. പി ഷുക്കൂറിനെ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. വക്കീലിൻ്റെ കാഞ്ഞങ്ങാട്ടെ വീടിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തി.
ഇന്നലെ ഇദ്ദേഹം ഭാര്യ ഷീനയെ വീണ്ടും വിവാഹം കഴിച്ചതിനു പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ ചിലർ കൊലവിളി മുഴക്കിയിരുന്നു. ബുധനാഴ്ച രാവിലെ 10.15ന് ഹൊസ്ദുര്‍ഗ് സബ് രജിസ്ട്രര്‍ ഓഫീസില്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം നടന്നത്.
മുസ്‌ലിം വ്യക്തി നിയമത്തിലെ വ്യവസ്ഥ മറികടക്കാനും തൻ്റെ സ്വത്തുക്കളുടെ അവകാശം പൂർണമായും പെൺമക്കൾക്ക് ലഭിക്കുന്നതിനും വേണ്ടിയാണ് സ്പെഷ്യൽ മാര്യേജ് നിയമപ്രകാരം വീണ്ടും വിവാഹം കഴിക്കാനൊരുങ്ങുന്നതെന്നും അഡ്വ. ഷുക്കൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മുസ്‌ലിം പിന്‍തുടര്‍ച്ചാ നിയമപ്രകാരം ആണ്‍മക്കളുണ്ടെങ്കിലെ മുഴുവന്‍ സ്വത്തും കൈമാറാനാകൂ. ഷൂക്കൂറിനും ഷീനയ്ക്കും മൂന്ന് പെണ്‍മക്കളായതിനാല്‍ സ്വത്തിൻ്റെ മൂന്നില്‍രണ്ട് ഓഹരി മാത്രമാണ് മക്കള്‍ക്ക് കിട്ടുക. ബാക്കി സഹോദരങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്.

ഈ പ്രതിസന്ധി മറികടക്കാനാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വീണ്ടും കല്യാണം കഴിക്കുന്നതെന്ന് അഡ്വ ഷുക്കൂര്‍ പറയുന്നു. രണ്ട് തവണയുണ്ടായ കാര്‍ അപകടമാണ് ജീവിതത്തിൻ്റെ മറ്റൊരു തലത്തിലേക്കുകൂടി ആലോചനയെത്താന്‍ കാരണമായതെന്നും ഷുക്കൂര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ചില സംഘടനകൾ ഷുക്കൂറിനെതിരെ രംഗത്തുവന്നിരുന്നു. സ്വാര്‍ത്ഥക്ക് വേണ്ടി മാത്രം മതത്തെ ഉപയോഗിക്കുന്നവരുടെ ഇത്തരം നാടകങ്ങളിലൊന്നും വിശ്വാസികള്‍ വഞ്ചിതരാകില്ലെന്നും വിശ്വാസികളുടെ ആത്മവീര്യം തകര്‍ക്കുന്ന കുത്സിത നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നുമായിരുന്നു അഡ്വ. ഷുക്കൂറിനെതിരെ കൗൺസിൽ ഫോർ ഫത്‌വ ആന്‍റ് റിസര്‍ച്ച് പുറത്തിറക്കിയ പ്രസ്താവന.
