
പിണറായി വിജയനെ ചങ്ങലക്കിടാൻ കഴിഞ്ഞില്ലെങ്കിൽ സി.പി.എം പിരിച്ചുവിടണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അഴിമതിക്കാരനാണെന്ന അഭിപ്രായം കോൺഗ്രസിനോ, യു.ഡി.എഫിനോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
അതുകൊണ്ടാണ് സ്വപ്‌നയ്‌ക്കെതിരെ മാനനഷ്ടക്കേസ് കൊടുത്തതെന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. ‘സ്വപ്‌നയക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞു. അദ്ദേഹം അത് പ്രാവർത്തികമാക്കി. എന്തേ മുഖ്യമന്ത്രി കൊടുക്കാതിരുന്നത്. മുഖ്യമന്ത്രി അത് സ്വയമേറ്റെടുക്കകയാണ്. സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങൾക്ക് ഞാൻ അർഹനാണെന്ന് അദ്ദേഹം സ്വയം സമ്മതിക്കുകയാണ്’-സുധാകരൻ പറഞ്ഞു.

ഗോവിന്ദന് മാഷിന് മടിയിൽ കനമില്ല. പിണറായി വിജയൻ അതല്ല. ഗോവിന്ദൻ മാഷിനെതിരെ ഉന്നയിച്ചതിനേക്കാൾ ഭീകരമായ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച സ്വപ്‌നയ്‌ക്കെതിരെ മുഖ്യമന്ത്രി കേസ് കൊടുക്കാത്തത് എന്തുകൊണ്ടെന്ന് സി.പി.എം വിലയിരുത്തണം. ഗോവിന്ദൻമാഷുടെ മനസാക്ഷി പറയുന്നുണ്ട് മുഖ്യമന്ത്രി കുറ്റവാളിയാണെന്ന്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റാൻ സി.പി.എമ്മിൻ്റെ തലപ്പത്തിരിക്കുന്ന താങ്കൾ ആ കടമ നിറവേറ്റണമെന്നും സുധാകരൻ പറഞ്ഞു.
