
കാസർകോട്: കോട്ടിക്കുളം റെയില്‍വെ മേല്‍പ്പാലം നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കാന്‍ റെയില്‍വെ നടപടികള്‍ സ്വീകരിക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ലോക്‌സഭയില്‍ ഉന്നയിച്ചു. 15 വര്‍ഷം മുമ്പ് റെയില്‍വേ നേരിട്ട് സ്ഥലം ഏറ്റെടുത്തു. പിന്നീട് മേല്‍പ്പാലത്തിന് വേണ്ട ചിലവ് സംസ്ഥാന സര്‍കാര്‍ വഹിക്കണം എന്നും റെയ്ല്‍വേ ഏറ്റെടുത്ത 0.4739 ഹെക്ടര്‍ സ്ഥലത്തിൻ്റെ വില ആയി 2.47,56,554 കോടി രൂപ നല്‍കണം എന്നും ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍കാര്‍ കിഫ്ബി മുഖേന 19.6 കോടി രൂപയ്ക്ക് സ്ഥലത്തിൻ്റെ വില റയില്‍വേക്ക് കൊടുക്കാന്നുള്ള സന്നദ്ധത അറിയിച്ചു. എന്നാല്‍ റെയില്‍വേ സംസ്ഥാന സര്‍ക്കാരിന് സ്ഥലം കൈമാറാന്‍ ഉള്ള നടപടിക്രമങ്ങള്‍ ഇനിയും അകാരണമായി നീട്ടിക്കൊണ്ടു പോകുകയാണെന്നും എംപി പറഞ്ഞു.

ജില്ലയിലെ പാലക്കുന്ന്, ഉദുമ, എന്‍എച്ച് 66, മെഡിക്കല്‍ കോളേജ് , എഞ്ചിനീയറിംഗ് കോളേജ്, കേന്ദ്ര സര്‍വകലാശാല, ബേക്കല്‍ ടൂറിസവുമായി ബന്ധപ്പെട്ട റിസോര്‍ട്ടുകള്‍ എന്നിങ്ങനെയുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്കുള്ള പ്രധാന റെയില്‍വേ സ്റ്റേഷനാണ് കോട്ടിക്കുളം.
മേല്‍പാലംനിര്‍മ്മിക്കുന്നതിനായി വളരെ കുറഞ്ഞ നഷ്ടപരിഹാരത്തിന് നാട്ടുകാര്‍ റെയില്‍വേയ്ക്ക് വിലകൂടിയ ഭൂമി നല്‍കി. നീണ്ട 15 വര്‍ഷത്തില്‍ അധികം കഴിഞ്ഞിട്ടുംറെയില്‍വേ അധികൃതര്‍മേല്‍പാലം നിര്‍മിക്കാന്‍ ഭൂമി വിട്ടു കൊടുക്കാത്തതില്‍ പ്രദേശത്തെ ജനങ്ങള്‍ വളരെ നിരാശയില്‍ ആണെന്നും അദ്ദേഹം പറഞ്ഞു. റെയില്‍വെ സ്റ്റേഷനില്‍ യാത്രക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച് ജി.എം, എസ്ആര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് നിരവധി നിവേദനങ്ങളും കത്തുകളും നല്‍കിയിട്ടും തുടര്‍ നടപടികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ലെന്നും എം.പി കൂട്ടി ചേര്‍ത്തു.
